
ഹൈദരാബാദ് ;കൂട്ടബലാത്സംഗക്കേസിലെ 5 പ്രതികളും അറസ്റ്റിലായി .പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി ഉള്‍പ്പെടെ 2 പേരെ ഇന്ന് അറസ്റ്റ് ചെയ്തു .കേസില്‍ അറസ്റ്റിലായ 3 പേർ പ്രായപൂർത്തിയാകാത്തവരാണ്. കൂട്ടബലാത്സംഗ കേസിൽ തെലങ്കാന കത്തുന്നു. പ്രതികൾ ഉന്നത നേതാക്കളുടെ മക്കളും ബന്ധുക്കളുമാണെന്നും അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പൊലീസ് ശ്രമിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധ സമരമാണ് അരങ്ങേറുന്നത്. ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ മറച്ചുവച്ച് കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. എന്നാല്‍ പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടാണ് പൊലീസ് ആവർത്തിക്കുന്നത്.
ഹൈദരാബാദ് കൂട്ടബലാത്സംഗം, ഒടുവിൽ അറസ്റ്റിലായവരും പ്രായപൂർത്തിയാകാത്തവർ
കേസിൽ തെലങ്കാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. പൊലീസ് അനാസ്ഥയുണ്ടായെന്ന ആരോപണം ശക്തമായതിനിടെയാണ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മീഷനും സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
ഹൈദരാബാദ് കൂട്ടബലാത്സംഗം; പെൺകുട്ടിയുടെ ചിത്രം പുറത്തുവിട്ട് ബിജെപി എംഎൽഎ, 'അവൾക്ക് നീതി വേണം' എന്ന് കോൺഗ്രസ്
ഹൈദരാബാദിൽ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രങ്ങൾ പുറത്തുവിട്ട ബിജെപി എംഎൽഎയ്ക്കെതിരെ കോൺഗ്രസ്. ബിജെപി എംഎൽഎ രഘുനാഥ് റാവുവാണ് പെൺകുട്ടിയുടെയും പ്രായപൂർത്തിയാകാത്ത പ്രതികളുടെയും ചിത്രങ്ങൾ ഉൾപ്പെടുന്ന വീഡിയോ പുറത്തുവിട്ടത്.
തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ മുതിർന്ന നേതാവിന്റെ മകനും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്നും ആരോപിച്ചായിരുന്നു ബിജെപി എംഎൽഎയുടെ നടപടി. പ്രതിക്ക് ക്ലീൻ ചിറ്റ് നൽകിയതാണ് ചിത്രം പുറത്തുവിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് റാവു പറഞ്ഞു.
കേസിലെ പ്രതികളിലൊരാൾ എഐഎംഐഎം എൽഎയുടെ മകനാണെന്ന് കോൺഗ്രസ് എംപി മാണിക്യം ടാഗോർ ആരോപിച്ചു. വീഡിയോ പുറത്തുവിട്ടതോടെ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷയാണ് ബാധിക്കപ്പെട്ടത്. ബിജെപി, ടിആർഎസ് എംഐഎം കൂട്ടുകെട്ടിന്റെ അവിശുദ്ധബന്ധമാണോ വീഡിയോ പുറത്തുവിടാൻ കാരണമെന്നും അദ്ദേഹം ചോദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിനേക്കാൾ പ്രധാനമനാണ് ഈ ബന്ധമെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.
ഹൈദരാബാദിലെ പബ്ബില്‍ ശനിയാഴ്ച സുഹൃത്തിനൊപ്പം പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ നിന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ ബെന്‍സ് കാറില്‍ കയറ്റിയത്. തുടര്‍ന്ന് ആളൊഴിഞ്ഞ ജൂബിലി ഹില്‍സ്സില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ടിആര്‍എസ് എംഎല്‍യുടെ മകന്‍, ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകന്‍, AIMIM നേതാവിന്‍റെ മകന്‍, ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡംഗത്തിന്‍റെ മകന്‍ എന്നിവര്‍ക്ക് കേസിൽ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam