ഹൈദരാബാദ് പീഡനക്കേസ് പ്രതി ട്രാക്കിൽ മരിച്ച നിലയിൽ: സമൂഹമാധ്യമങ്ങളിൽ തെലങ്കാന പൊലീസിന് അഭിനന്ദന പ്രവാഹം

By Web TeamFirst Published Sep 16, 2021, 1:08 PM IST
Highlights

 പ്രതിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത വന്നതോടെ സമൂഹമാധ്യമങ്ങളിൽ തെലങ്കാന പൊലീസിനെ അനുമോദിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. 

സൈദാബാദ്: തെലങ്കാനയിൽ വൻ ജനരോഷം ഉണര്‍ത്തിയ കൊലപാതക കേസ് പ്രതിയെ റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ സൈദാബാദിൽ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജു എന്നയാളെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ കയറി തല വേര്‍പ്പട്ട നിലയിലായിരുന്നു മൃതദേഹം. തെലങ്കാന ഡിജിപിയാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയ മരണവാ‍ര്‍ത്ത സ്ഥിരീകരിച്ചത്.

സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദിൽ ആറ് വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതും മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും. കുട്ടിയുടെ അര്‍ധനഗ്നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ പല്ലക്കോണ്ട  രാജുവിന്റെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. കുട്ടിയുടെ മൃതദേഹത്തിൽ  നിരവധി മുറിവുകളുണ്ടായിരുന്നതായും ക്രൂര പീഡനത്തിനിരയാക്കിയ ശേഷം പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പോസ്റ്റ് മോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ട്.

കുരുന്നിനെ പീഡിപ്പിച്ചു കൊന്ന പ്രതിയെ എൻകൗണ്ടറിൽ വകവരുത്തണമെന്ന് തെലങ്കാന തൊഴിൽ മന്ത്രി മല്ലം റെഡ്ഡി പറഞ്ഞതോടെ കൊലപാതകം ദേശീയതലത്തിലും വാ‍ര്‍ത്തയായി മാറിയിരുന്നു. 'ഞങ്ങൾ ആ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് എൻകൌണ്ടർ ചെയ്യും. പ്രതിയെ വെറുതെ വിടുന്ന പ്രശ്നമില്ല.  കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് സഹായം കൈമാറും. പെൺകുട്ടിക്ക് എത്രയും വേഗം നീതി ഉറപ്പാക്കും' - കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട മല്ലം റെഡ്ഡി പറഞ്ഞു. 

ബലാത്സംഗക്കേസ് പ്രതിയെ ഏറ്റുമുട്ടലിൽ വധിക്കുമെന്ന തരത്തിൽ തിങ്കളാഴ്ച മൽക്കാജ്ഗിരി എംപിയും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റുമായ രേവന്ത് റെഡ്ഡിയും പരാമർശം നടത്തിയിരുന്നു. 2019-ൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്ന കേസിലെ നാല് പ്രതികളെ തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചെന്ന് ആരോപിച്ച് തെലങ്കാന പൊലീസ് വെടിവെച്ചു കൊന്നിരുന്നു. സമാനമായ രീതിയിൽ രാജുവിനേയും വധിക്കണമെന്ന് സമൂഹമാധ്യമങ്ങളിലടക്കം ആവശ്യമുയര്‍ന്നിരുന്നു. 

: The accused of "Child Sexual Molestation and murder @ Singareni Colony, found dead on the railway track, in the limits of .
Declared after the verification of identification marks on deceased body. pic.twitter.com/qCPLG9dCCE

— DGP TELANGANA POLICE (@TelanganaDGP)  

 

ആറ് വയസുകാരിയുടെ ക്രൂരമായ കൊലപാതകത്തിൽ വലിയ പ്രതിഷേധമുയര്‍ത്തുന്നതോടെ തെലങ്കാന സര്‍ക്കാരും പൊലീസ് സേനയും കടുത്ത പ്രതിരോധത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നേരത്തെ ഇനാം പ്രഖ്യാപിച്ചിരുന്നു. പ്രതിയെ കണ്ടെത്താൻ ഹൈദരാബാദിലും സെക്കന്തരാബാദിയും സൈദാബാദിലും വ്യാപകമായി പൊലീസ് തെരച്ചിലും പരിശോധനകളും നടത്തുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു.

ഒൻപത് സംഘങ്ങളായി തിരിഞ്ഞ് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഒടുവിൽ പ്രതിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത വന്നതോടെ സമൂഹമാധ്യമങ്ങളിൽ തെലങ്കാന പൊലീസിനെ അനുമോദിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. അതേസമയം പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!