
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. രണ്ട് സ്ത്രീകളിൽ നിന്നായി ഏകദേശം 28 കിലോഗ്രാമിലധികം ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. 10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പിടിച്ചെടുത്തത്.
സ്ത്രീകളുടെ ബാഗേജ് വിവരങ്ങളിൽ സംശയം തോന്നിയാണ് വിശദമായ പരിശോധന നടത്തിയതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ചെക്ക്-ഇൻ സ്യൂട്ട്കേസുകൾ വിശദമായി പരിശോധിച്ചപ്പോഴാണ്, ഭദ്രമായി പായ്ക്ക് ചെയ്ത് ഒളിപ്പിച്ച നിലയിൽ 28.080 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾ തായ്‍ലൻഡിലെ ഫൂക്കറ്റിൽ നിന്നാണ് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
അറസ്റ്റിലായ സ്ത്രീകളിൽ ഒരാൾ റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. രണ്ടാമത്തെ സ്ത്രീ മുമ്പ് ദുബൈയിൽ വീട്ടുജോലിക്കാരിയായിരുന്നു. നിലവിൽ ചെന്നൈയിൽ താമസിക്കുന്നു. ഇവർ ചലച്ചിത്ര മേഖലയിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വലിയ ലാഭം വാഗ്ദാനം ചെയ്താകാം ഇവരെ മയക്കുമരുന്ന് കടത്തിന് പ്രേരിപ്പിച്ചതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
ഫുക്കറ്റ് വിമാനത്താവളത്തിൽ വെച്ച് ചിലർ സ്യൂട്ട്കേസുകൾ കൈമാറിയെന്നും ചെന്നൈയിൽ എത്തിക്കാൻ പറഞ്ഞെന്നുമാണ് സ്ത്രീകളുടെ മൊഴി. ഉയർന്ന വിലയുള്ള ഹൈഡ്രോപോണിക് കഞ്ചാവ് കോളിവുഡ് സിനിമാ മേഖലയിൽ വിതരണം ചെയ്യാനായി കൊണ്ടുവന്നതാണെന്ന് എൻസിബി സംശയിക്കുന്നു.
തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ശൃംഖലയെ തകർക്കുമെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായി പണം മുടക്കുന്നവരെയും വിതരണക്കാരെയും ഇവിടെ സ്വീകരിക്കുന്നവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് എൻസിബി പറഞ്ഞു. രണ്ട് സ്ത്രീകൾക്കെതിരെയും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.
മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് വിവരം ലഭിക്കുന്നവർ നാഷണൽ നാർക്കോട്ടിക്സ് ഹെൽപ്പ് ലൈൻ നമ്പറായ 1933ൽ വിവരം അറിയിക്കണമെന്ന് എൻസിബി നിർദേശിച്ചു. അടുത്തിടെ കോളിവുഡ് താരങ്ങളായ ശ്രീകാന്തും കൃഷ്ണയും മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായിരുന്നു. ചലച്ചിത്ര മേഖലയിലെ മയക്കുമരുന്ന് കണ്ണികളെ കുറിച്ച് കൂടുതൽ അന്വേഷിക്കാനാണ് എൻസിബിയുടെ തീരുമാനം.