Modi in Manipur : 'ഇന്ത്യൻ സർക്കാരിനെ മുഴുവൻ ഞാൻ മണിപ്പൂരിന്റെ പടിവാതിൽക്കലെത്തിച്ചു'; പ്രധാനമന്ത്രി

By Web TeamFirst Published Jan 4, 2022, 3:58 PM IST
Highlights

''ഞാൻ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഒന്നിലധികം തവണ മണിപ്പൂരിലെത്തി. നിങ്ങളുടെ ഹൃദയ വേദന എനിക്കറിയാമായിരുന്നു. അതിനാൽ, 2014 ന് ശേഷം ഞാൻ മുഴുവൻ ഇന്ത്യൻ സർക്കാരിനെയും നിങ്ങളുടെ വീട്ടുവാതിൽക്കൽ കൊണ്ടുവന്നു...''

ഇംഫാൽ: മണിപ്പൂരിൽ (Manipur) 13 പ്രൊജക്ടുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). 1850 കോടി രൂപയുടെ പദ്ധതികൾക്കാണ് മോദി ഇന്ന് തുടക്കമിട്ടത്. ആകെ 2950 കോടി രൂപ മുതൽ മുടക്കുന്ന ഒമ്പത് പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. രാജ്യത്തിന്റെ വളർച്ചയുടെ പ്രധാന സ്രോതസ്സായ മണിപ്പൂരിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളും വരും വർഷങ്ങളിൽ ഇന്ത്യയുടെ വളർച്ചയുടെ പ്രധാന ചാലകങ്ങളായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം റാലിയെ അഭിസംബോധന ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഈ ജനുവരി 21 ന് മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ച് 50 വർഷം തികയുമ്പോൾ, സംസ്ഥാനം ഇന്ത്യയുടെ വളർച്ചയുടെ പ്രധാന സ്രോതസ്സായി മാറുമെന്നും മെച്ചപ്പെട്ട റോഡ് കണക്റ്റിവിറ്റി, ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ വഴി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് അതിന്റെ സാധ്യതകൾ വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വടക്കുകിഴക്ക് വികസനത്തിന്റെ പുതിയ കവാടമായി മാറാൻ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. "ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കവാടമെന്ന് വിളിച്ച് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈന്യം ആദ്യമായി പതാക ഉയർത്തിയ ഇവിടം പുതിയ ഇന്ത്യയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള കവാടമാണ് ഇപ്പോൾ. - മോദി പറഞ്ഞു. 

മണിപ്പൂരിൽ റോഡ്, അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ള വിതരണം, ആരോഗ്യം, നഗരവികസനം, ഐടി തുടങ്ങിയ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും മണിപ്പൂരിനെയും അവഗണിച്ചതിന് മുൻ കേന്ദ്ര സർക്കാരുകളെ മോദി  രൂക്ഷമായി വിമർശിച്ചു. 

"ഡൽഹിയിൽ ഭരിച്ച മുൻ സർക്കാരുകൾ മണിപ്പൂരിനെ അവഗണിച്ചു, ഇത് ജനങ്ങളെ അകറ്റാൻ കാരണമായി. മണിപ്പൂരിനെ ഒറ്റയ്ക്ക് വിട്ട ഒരു കാലമുണ്ടായിരുന്നു. ഞാൻ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഒന്നിലധികം തവണ ഞാൻ മണിപ്പൂരിൽ എത്തി. നിങ്ങളുടെ ഹൃദയത്തിലെ വേദന എനിക്കറിയാമായിരുന്നു. അതിനാൽ, 2014 ന് ശേഷം ഞാൻ മുഴുവൻ ഇന്ത്യൻ സർക്കാരിനെയും നിങ്ങളുടെ വീട്ടുവാതിൽക്കൽ കൊണ്ടുവന്നു'' - മോദി പറഞ്ഞു. 1,700 കോടിയിലധികം രൂപ ചെലവിൽ 110 കിലോമീറ്ററിലധികം നീളത്തിൽ നിർമിക്കുന്ന അഞ്ച് ദേശീയപാതാ പദ്ധതികളുടെ നിർമാണത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.

click me!