
ദില്ലി: അധ്യാപക ദിനത്തിൽ തന്റെ രാഷ്ട്രീയ എതിരാളികളെ അധ്യാപകരോട് ഉപമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അവരുടെ പെരുമാറ്റത്തിലൂടെയും കള്ളത്തരത്തിലൂടെയും വാക്കുകളിലൂടെയും താൻ സ്വീകരിച്ച വഴി തന്നെയാണ് ശരിയെന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മഹാത്മാ ഗാന്ധി, ഗൗതം ബുദ്ധ, ശ്രീനാരായണ ഗുരു തുടങ്ങിയ മഹാന്മാരാണ് തന്റെ ഗുരുവെന്നും അധ്യാപക ദിനാശംസയോടെ ഫേയ്സ്ബുക്കിലിട്ട് ഹിന്ദി കുറുപ്പിൽ രാഹുൽ ഗാന്ധി പറയുന്നു.
'അധ്യാപക ദിനത്തിൽ എല്ലാ അധ്യാപകരെയും ഞാൻ ബഹുമാനത്തോടെ സ്മരിക്കുന്നു. മുൻ പ്രസിഡന്റ് ഡോ. എസ്. രാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജന്മ വാർഷികത്തിൽ ബഹുമാനത്തോടെ ശ്രദ്ധാഞ്ജലി അർപ്പിക്കുകയാണ്. ശരിയായ വഴിയിലൂടെ നീങ്ങാൻ പ്രചോദിപ്പിക്കുന്നതിലും ജീവിതപാതക്ക് വെളിച്ചമേകുന്നതിലും ഒരു അധ്യാപകന് വലിയ പങ്കുണ്ട്'- രാഹുൽ ഗാന്ധി കുറിച്ചു.
'ഇന്ത്യയിലെ ജനങ്ങളും അധ്യാപകരെപ്പോലെയാണ്. അവർ നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിൻെറ ഉദാഹരണങ്ങൾ നൽകുന്നു, ധൈര്യത്തോടെ എല്ലാ പ്രശ്നങ്ങൾക്കെതിരെയും പോരാടാൻ പ്രചോദനം നൽകുന്നു, അതോടൊപ്പം അനുതാപവും വിനയവും ഉൾകൊള്ളുന്നവരാകുന്നു. എന്റെ എതിരാളികളെപ്പോലും എന്റെ അധ്യാപകരായാണ് കണക്കാക്കുന്നത്. എതിരാളികൾ അവരുടെ സ്വഭാവത്തിലൂടെയും കള്ളത്തരങ്ങളിലൂടെയും വാക്കുകളിലൂടെയും ഞാൻ തെരഞ്ഞെടുത്ത വഴിയാണ് ശരിയെന്ന് ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏതു സാഹചര്യത്തിലും ആ വഴിയിലൂടെ മുന്നോട്ടുപോകാനുള്ള ധൈര്യവും നൽകുന്നു'- രാഹുൽ ഗാന്ധി കുറിച്ചു.
മുൻ പ്രസിഡൻ് ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മവാർഷികമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam