'ഞാന്‍ രണ്ട് തവണ വെടി വച്ചു'; ധാബോല്‍ക്കര്‍ വധക്കേസില്‍ പ്രതിയുടെ കുറ്റസമ്മതം

By Web TeamFirst Published Jun 28, 2019, 9:09 AM IST
Highlights

വീരേന്ദ്ര താവ്ഡെയാണ് ധാബോല്‍ക്കറുടെ തലയ്ക്ക് വെടി വയ്ക്കാന്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ തന്നെ അദ്ദേഹം കൊല്ലപ്പെട്ടു. രണ്ടാമതും വെടി വയ്ക്കാന്‍ നോക്കിയപ്പോള്‍ വെടിയുണ്ട തോക്കില്‍ കുടുങ്ങി...

ദില്ലി: ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുക്തിവാദി നേതാവ് നരേന്ദ്ര ധാബോല്‍ക്കറെ വധിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍. 67 കാരനായ ധാബോല്‍ക്കറെ രണ്ട് തവണ വെടിവച്ചുവെന്നാണ് പ്രതി ശരത് കലസ്കര്‍ പൊലീസിന് മൊഴി നല്‍കിയത്. ഇതില്‍ ആദ്യത്തേത് പുറകില്‍ നിന്ന് തലയിലും മറ്റൊന്ന് താഴെ വീണ ധാബോല്‍ക്കറുടെ വലത് കണ്ണിന് മുകളിലുമാണ്.  14 പേജുള്ള മൊഴിയില്‍ യുക്തിവാദി നേതാവ് ഗോവിന്ദ് പന്‍സാരെയുടെയും മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെയും കൊലപാതകത്തില്‍ ബന്ധമുണ്ടെന്നും കലസ്കര്‍ സമ്മതിച്ചിട്ടുണ്ട്.

2018 ഒക്ടോബറിലാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതക കേസില്‍ ശരത് കലസ്കര്‍ പൊലീസ് പിടിയിലാകുന്നത്. ഈ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ധാബോല്‍ക്കര്‍ വധക്കേസില്‍ ഇയാള്‍ക്കുള്ള ബന്ധം വ്യക്തമായത്. 2013 ഓഗസ്റ്റിലാണ് പ്രഭാത സവാരിക്കിറങ്ങിയ ധാബോല്‍ക്കറെ പൂണെയില്‍ വച്ച് വെടിവച്ച് കൊന്നത്. പിന്നീട് 2015 ഫെബ്രുവരിയില്‍ ഗോവിന്ദ് പന്‍സാരെയെ കോലാപൂരില്‍ വച്ച് വധിച്ചു. 2017 സെപ്തംബറിലാണ് ഗൗരി ലങ്കേഷ് ബംഗളുരുവില്‍ വച്ച് വെടിയേറ്റ് മരിക്കുന്നത്. 

പൂണെയിലെ ഓംകരേശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് നരേന്ദ്ര ധാബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടനെ ഇദ്ദേഹത്തെ സാസൂണ്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു.  ധാബോല്‍ക്കര്‍ വധക്കേസിൽ വീരേന്ദ്ര താവ്ഡെയെ മുഖ്യപ്രതിയാക്കി 2016 സെപ്റ്റംബർ അഞ്ചിന് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച് കൃത്യം ഒരുവർഷത്തിനുശേഷമാണ് 2017 സെപ്റ്റംബർ അഞ്ചിന് ബംഗളൂരുവിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 

നല്ലസോപാരയിലെ തോക്ക് നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന ശരത് കലസ്കറെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. ഉടന്‍ കര്‍ണാടക പൊലീസിന് വിവരം കൈമാറി. ധാബോല്‍ക്കര്‍ വധക്കേസില്‍ മുഖ്യപ്രതിയായ വീരേന്ദ താവ്ഡെയുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു. ചില ദുര്‍ശക്തികളെ അവസാനിപ്പിക്കാനുണ്ടെന്ന് താവ്ഡെ തന്നോടും പറഞ്ഞെന്നും കൊലപാതകത്തില്‍ താനും പങ്കാളിയായെന്നു ശരത് കലസ്കര്‍ പൊലീസിനെ അറിയിച്ചു. 

താവ്ഡെയാണ് ധാബോല്‍ക്കറുടെ തലയ്ക്ക് വെടി വയ്ക്കാന്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ തന്നെ അദ്ദേഹം കൊല്ലപ്പെട്ടു. രണ്ടാമതും വെടി വയ്ക്കാന്‍ നോക്കിയപ്പോള്‍ വെടിയുണ്ട തോക്കില്‍ കുടുങ്ങി. ഉടന്‍ തന്നെ വെടിയുണ്ട മാറ്റി, രക്തത്തില്‍ കുളിച്ച് കിടക്കുന്ന ധാബോല്‍ക്കറുടെ വലത് കണ്ണിന് മുകളില്‍ വെടിയുതിര്‍ത്തു. മൊഴി പ്രകാരം വീരേന്ദ്ര താവ്ഡെയാണ് ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ അമോല്‍ കലെയെ കലസ്കര്‍ക്ക് പരിചയപ്പെടുത്തിയത്.

ഗൗരി ലങ്കേഷിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്ന യോഗങ്ങളില്‍ പലതിലും താനും പങ്കാളിയായിരുന്നു. 2016 ഓഗസ്റ്റില്‍ ബെല്‍ഗാമില്‍ നടന്ന യോഗത്തിലാണ് ഗൗരി ലങ്കേഷിനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും 2017 ഓഗസ്റ്റില്‍ നടന്ന യോഗത്തില്‍ കൊലപാതകത്തിനുള്ള പദ്ധതി സ്ഥിരീകരിച്ചുവെന്നും കലസ്കര്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു. വിരമിച്ച ബോംബെ ഹൈക്കോടതി ജഡ്ജ് ബി ജി കോല്‍സെ പാട്ടീലിനെ കൊലപ്പെടുത്താനും പദ്ധതിയുണ്ടായിരുന്നുവെന്നും ശരത് കലസ്കര്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
 

click me!