
ദില്ലി: 2002 ലെ ഗോധ്ര സംഭവത്തെ തുടര്‍ന്ന് 'ഗുജറാത്തിലുണ്ടായ സംഭവവികാസങ്ങള്‍ക്ക്' ശേഷം താൻ നരേന്ദ്ര മോദിയെ വിമർശിച്ചിരുന്നതായി ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ നാല് മാസം ഗുജറാത്തിൽ ചെലവഴിച്ച് ജനങ്ങളുമായി ഇടപഴകിയതിന് ശേഷം മോദിയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘റെവല്യൂഷണറി രാജ്: നരേന്ദ്ര മോദീസ് 25 ഇയേഴ്സ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ആരിഫ് മുഹമ്മദ് ഖാൻ ഇക്കാര്യം പറഞ്ഞത്. ഗോധ്ര സംഭവത്തിനുശേഷം ഗുജറാത്തിൽ നാല് മാസം ചെലവഴിച്ച് ജനങ്ങളുമായി ഇടപഴകിയില്ലായിരുന്നെങ്കിൽ തന്റെ കാഴ്ചപ്പാട് മാറുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ ഉണ്ടെന്ന് എനിക്ക് തോന്നി. അദ്ദേഹം ദൃഢനിശ്ചയമുള്ള ആളാണ്, തന്റെ ലക്ഷ്യങ്ങൾക്കായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 2019-ൽ മുത്തലാഖ് നിരോധിച്ച് നിയമം നടപ്പിലാക്കിയതിന് പ്രധാനമന്ത്രിയെ ഖാൻ പ്രശംസിച്ചു. ഭാവിയിൽ, ഈ തീരുമാനത്തെ ഒരു സുപ്രധാന പരിഷ്കാരമായി ആളുകൾ കാണുമെന്ന് അദ്ദേഹം പറഞ്ഞു.
അന്യായമായി അപകീർത്തിപ്പെടുത്തപ്പെടുന്ന, ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് മോദി. ഗുജറാത്തില്‍ താമസിച്ച് നാല് മാസങ്ങൾക്ക് ശേഷം, അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പൂർണ്ണമായും മാറി. ഞാൻ എന്റെ കാഴ്ചപ്പാടുകൾ മറ്റുള്ളവരുമായി പങ്കിടാൻ തുടങ്ങി. നിസ്സംശയമായും അദ്ദേഹം നിശ്ചയദാർഢ്യമുള്ള ആളാണ്, ദൃഢനിശ്ചയമുള്ള ആളാണ്, ഒരിക്കലും തിരക്കിലാണെന്ന് കാണിക്കാത്ത മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം വിശ്രമിക്കുന്നില്ലെന്ന് തോന്നുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
കേന്ദ്ര എണ്ണ, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ കെ സിംഗ്, മുൻ മന്ത്രി കെ ജെ അൽഫോൺസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആമുഖമുള്ള ഈ പുസ്തകം, ഒരു മുഖ്യമന്ത്രിയിൽ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയിലേക്കുള്ള കഴിഞ്ഞ 25 വർഷത്തെ മോദിയുടെ യാത്രയെ വിവരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam