അഭിമാന നവതി: 90-ാം പിറന്നാൾ ആഘോഷിച്ച് ഇന്ത്യൻ വ്യോമസേന, പുതിയ യൂണിഫോം പുറത്തിറക്കി

Published : Oct 08, 2022, 12:42 PM IST
അഭിമാന നവതി: 90-ാം പിറന്നാൾ ആഘോഷിച്ച് ഇന്ത്യൻ വ്യോമസേന, പുതിയ യൂണിഫോം പുറത്തിറക്കി

Synopsis

വ്യോമസേനയ്ക്ക് കീഴിൽ പുതിയ ആയുധ വിഭാഗത്തിന് സർക്കാർ അംഗീകാരം നൽകിയതായും ഈ വർഷം മൂവായിരം അഗ്നീവീറുകളെ സേനയിൽ നിയമിക്കുമെന്നും 2023 മുതൽ വനിതകൾക്കും സേനയുടെ ഭാഗമാകാമെന്നും വ്യോമസേനാ മേധാവി പറഞ്ഞു.  

ചണ്ഡീഗഡ്: രാജ്യത്തിൻ്റെ അഭിമാനമായ ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 90-ാം പിറന്നാൾ. ചണ്ഡീഗഡിൽ നടന്ന ആഘോഷപരിപാടികളിൽ മൂവായിരം അഗ്നിവീറുകളെ ഈ വര്‍ഷം സേനയുടെ ഭാഗമാക്കുമെന്ന് വ്യോമസേനാ മേധാവി പ്രഖ്യാപിച്ചു. പുതിയ കാലം ലക്ഷ്യംമാക്കി മാറുക, ഭാവിയ്ക്കായി ആധുനികവൽക്കരിക്കുക എന്ന പ്രഖ്യാപനത്തോടെയാണ് വ്യോമസേന ദിന പരിപാടികൾക്ക് തുടക്കമായത്.

ഇനിയുള്ള വര്‍ഷങ്ങളിൽ വ്യോമസേന ദിന പരിപാടികൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വച്ച് നടത്തുമെന്നാണ് എയർ ചീഫ്  മാർഷൽ വി.ആർ.ചൗധരി ഇന്ന് പ്രഖ്യാപിച്ചത്. പതിവ് വേദിയായ ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളത്തിന് പകരം ദില്ലിക്ക് പുറത്ത്ചണ്ഡീഗഡിലെ സുഖ്ന വ്യോമത്താവളത്തിലാണ് പരിപാടികൾ നടക്കുന്നത്. പരേഡിൽ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൌധരി ആഭിവാദ്യം സ്വീകരിച്ചു.  ചടങ്ങിൽ വ്യോമസേനയുടെ പുതിയ കോംബാറ്റ് യൂണിഫോം പുറത്തിറക്കി.  ചാരനിറത്തിലാണ് പുതിയ യൂണിഫോം. നിലവിൽ ഗ്രൌണ്ട് ഡ്യൂട്ടിക്കാകും ഈ യൂണിഫോം ഉപയോഗിക്കുക.

വ്യോമസേനയ്ക്ക് കീഴിൽ പുതിയ ആയുധ വിഭാഗത്തിന് സർക്കാർ അംഗീകാരം നൽകിയതായും ഈ വർഷം മൂവായിരം അഗ്നീവീറുകളെ സേനയിൽ നിയമിക്കുമെന്നും അടുത്ത വർഷം മുതൽ വനിതകൾക്കും സേനയുടെ ഭാഗമാകാമെന്നും വ്യോമസേനാ മേധാവി പറഞ്ഞു.  

ലോകത്തിലെ വായുസേനകളിൽ നാലാം സ്ഥാനത്തുള്ള വായു സേന അതിർത്തി മേഖലകളിൽ അടക്കം വെല്ലുവിളികൾ നേരിടാൻ സജ്ജമാണ്. വ്യോമ ദിനത്തിൻ്റെ ഭാഗമായുള്ള പരിപാടികൾ ചണ്ഡിഗഡിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ഉദ്ഘാടനം ചെയ്തത്. ആഘോഷപരിപാടികളുടെ ഭാഗമായി വ്യോമസേനയുടെ പുതിയ കോമ്പാക്ട് യൂണിഫോമും ഇന്ന് പുറത്തിറക്കി. 

2022 ഡിസംബർ മുതൽ പ്രാരംഭ പരിശീലനത്തിനായി 3,000 അഗ്നിവീറുകളെ വായുസേനയിൽ ഉൾപ്പെടുത്തുമെന്നും തുടർന്നുള്ള വർഷങ്ങളിൽ ഈ  സംഖ്യ ഉയരുമെന്നും വി.ആർ.ചൗധരി കൂട്ടിച്ചേർത്തു. 2023-ൽ ആരംഭിക്കുന്ന പുതിയ പദ്ധതിയിലൂടെ വനിതാ അഗ്നിവീരന്മാരെ ഉൾപ്പെടുത്തുമെന്നും ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യോമസേനാ ദിനാഘോഷത്തിൻ്റെ ഭാഗമായി വൈകിട്ട് സുഖ്ന തടാകത്തിൽ നടക്കുന്ന എയര്‍ ഷോയിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മുഖ്യാതിഥികളായി പങ്കെടുക്കും. എണ്‍പതോളം സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനാദിനയുടെ ഭാഗമായുള്ള എയര്‍ ഷോയിൽ പങ്കെടുത്തു. 

ആകാശ പോരാട്ടത്തിൻ്റെ 90 സുവര്‍ണ വര്‍ഷങ്ങൾ - 

കഴിഞ്ഞ തൊണ്ണൂറ് വർഷങ്ങളായി ഇന്ത്യൻ ആകാശ കോട്ടയുടെ കാവലാളാണ് ഇന്ത്യൻ വ്യോമസേന. ഇന്ത്യന്‍ ആകാശം സുരക്ഷിതമാക്കുക, സായുധ പോരാട്ടസമയത്ത് വ്യോമയുദ്ധം നടത്തുക എന്നിവയാണ് വ്യോമസേനയുടെ പ്രാഥമിക ദൗത്യം.  1932 ഒക്ടോബര്‍ 8 ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സഹായസേനയായി ഔദ്യോഗികമായി ഇന്ത്യന്‍ എയര്‍ ഫോഴ്സ് സ്ഥാപിതമാകുന്നത്

1947 -ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്നാണ് വിളിച്ചിരുന്നത്. 1950 ല്‍ ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയപ്പോള്‍ ബ്രിട്ടീഷ് ബന്ധം സൂചിപ്പിച്ചിരുന്ന റോയല്‍ എന്ന വാക്ക് നീക്കം ചെയ്തു. അന്നുമുതല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് എന്നാണ് അറിയപ്പെടുന്നത്.

1950 മുതല്‍ വ്യോമസേന  അയല്‍ രാജ്യമായ പാകിസ്ഥാനുമായി നാല് യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗോവയിലെ പോര്‍ട്ടുഗീസ് ആധിപത്യം അവസാനിപ്പിച്ച ഓപ്പറേഷന്‍ വിജയ്, ഹിമാലയത്തിലെ സിയാച്ചിന്‍ മേഖലയിലെ ആധിപത്യം ഉറപ്പിച്ച ഓപ്പറേഷന്‍ മേഘദൂത്, മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞ ഓപ്പറേഷന്‍ കാക്റ്റസ്, ശ്രീലങ്കയിലെ സൈനിക നടപടിയായ ഓപ്പറേഷന്‍ പൂമലൈ ഒടുവിൽ മിന്നാലാക്രമണം വരെ  വ്യോമസേനയുടെ കീരീടത്തിലെ പൊൻ തൂവലുകൾ.

ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിലും ഇന്ത്യൻ വ്യോമസേന ഭാഗമാണ്. ആധുനിക കാലത്ത് രാജ്യ നേരിടുന്ന വെല്ലുവിളികൾ നേരിടാൻ സുസജ്ജമാണ് നമ്മുടെ വ്യോമസേന. അത്യാധുനിക യുദ്ധ വിമാനമായ റഫാൽ മുതൽ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോം ബാറ്റ് ഹെലികോപ്റ്ററായ പ്രചണ്ഡ് വരെ വ്യോമസേനയുടെ ഭാഗമായി കഴിഞ്ഞു.
 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം