എംഐ 17 ഹെലികോപ്റ്റർ തകർന്ന സംഭവം: വ്യോമസേന ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ്

By Web TeamFirst Published May 22, 2019, 7:55 PM IST
Highlights

ഫെബ്രുവരി 27 ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആകാശത്ത് സംഘർഷം നടന്ന ദിവസമാണ് റഷ്യൻ നിർമ്മിത എംഐ 17 ഹെലികോപ്റ്റർ തകർന്ന് ആറ് ജവാന്മാർ മരിച്ചത്

ശ്രീനഗർ: ഫെബ്രുവരി 27 ന് ജമ്മു കാശ്മീരിലെ നൗഷേരയിൽ റഷ്യൻ നിർമ്മിത എംഐ 17 ഹെലികോപ്റ്റർ തകർന്ന് ആറ് ജവാന്മാർ മരിച്ച സംഭവത്തിൽ വ്യോമസേന ഉദ്യോഗസ്ഥന് എതിരെ ക്രിമിനൽ കേസ്. ശ്രീനഗർ എയർ ബേസിലെ എയർ ഓഫീസർ കമ്മാന്റിങ് ഇൻ ചീഫ് കൂടിയായ ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് നീക്കി. എയർ ബേസിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. എന്നാൽ വ്യോമസേന വക്താവ് ഇതിനോട് പ്രതികരിക്കാൻ തയ്യാറായില്ല.

ഇന്ത്യ പാക് അതിർത്തിയ്ക്കകത്ത് പ്രവേശിച്ച് ബാലകോട്ടിലെ ഭീകര താവളങ്ങൾ ആക്രമിച്ചതിന് പിന്നാലെ നടന്ന ഇന്ത്യാ-പാക് സംഘർഷത്തിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്. ഇന്ത്യ - പാക് അതിർത്തിയോട് ചേർന്ന നൗഷേര സെക്ടറിലായിരുന്നു കോപ്റ്റർ തകർന്ന് വീണത്. കരയിൽ നിന്നും പാക് പോർ വിമാനങ്ങളെ ലക്ഷ്യമാക്കി തൊടുത്ത മിസൈൽ ഉന്നംതെറ്റി ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് കേസ് അന്വേഷണം തുടരുകയാണ്. അതേസമയം അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം എയർ ഓഫീസർ കമ്മാന്റിങ് ഇൻ ചീഫിനായതിനാലാണ് ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് നീക്കിയത്.

click me!