കോക്‌പിറ്റിൽ തിരിച്ചെത്തി: അഭിനന്ദൻ വർധമാൻ മിഗ് 21 വിമാനം പറത്തി

By Web TeamFirst Published Aug 22, 2019, 11:38 AM IST
Highlights

ഇന്ത്യാ-പാക് സംഘർഷത്തിലെ വീരനായകൻ അഭിനന്ദൻ വർധമാൻ വീണ്ടും കോക്‌പിറ്റിൽ തിരിച്ചെത്തി

ദില്ലി: നീണ്ട ആറ് മാസത്തെ ഇടവേള കഴിഞ്ഞ് പോർമുഖത്തെ ഇന്ത്യയുടെ ഹീറോ അഭിനന്ദൻ വർധമാൻ വീണ്ടും മിഗ് 21 വിമാനം പറത്തി. രാജസ്ഥാനിലെ വ്യോമസേനയുടെ ബേസിൽ വച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം മിഗ് 21 വിമാനം പറത്തിയത്. 

ഫെബ്രുവരിയിൽ പാക്കിസ്ഥാനുമായുണ്ടായ വ്യോമസംഘർഷത്തിനിടെ കോക്‌പിറ്റിൽ നിന്ന് സ്വയം ഇജക്‌ട് ചെയ്ത് രക്ഷപ്പെട്ട അഭിനന്ദനെ പാക് സൈന്യം പിടികൂടിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ഇന്ത്യക്ക് തന്നെ കൈമാറുകയും ചെയ്തു. 

തുടർന്ന് മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹത്തിന് ബെംഗളുരുവിലെ ഐഎഎഫ് എയ്റോസ്‌പേസ് മെഡിസിൻ വിഭാഗം പറക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് അനുവദിച്ചു.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ വ്യോമസേന പാക് അതിർത്തി ലംഘിച്ച് ബാലകോട്ടെ ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ ക്യാംപുകൾ ബോംബിട്ട് തകർത്തിരുന്നു. ഇതിന് തിരിച്ചടി നൽകാൻ എഫ്16 വിമാനങ്ങളുമായി ഇന്ത്യൻ സൈനിക ക്യാംപുകൾ ലക്ഷ്യമാക്കിയാണ് പാക് വ്യോമസേന വന്നത്. എന്നാൽ ഈ ശ്രമമാണ് അഭിനന്ദൻ വർധമാൻ അടക്കമുള്ള ഇന്ത്യൻ വ്യോമസേന സംഘത്തിന്റെ പ്രത്യാക്രമണത്തിൽ പരാജയപ്പെട്ടത്. സംഘർഷത്തിനിടെ പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം അഭിനന്ദൻ വർധമാൻ തകർത്തിരുന്നു. ഇതിന് അഭിനന്ദന് രാജ്യം വീർ ചക്ര ബഹുമതി നൽകി.

click me!