പുറപ്പെടാൻ തുടങ്ങിയ ലോക്കൽ ട്രെയിൻ നിർത്തി പ്രായമായ ഒരു സ്ത്രീക്ക് സുരക്ഷിതമായി കയറാൻ അവസരം നൽകിയ ലോക്കോ പൈലറ്റിന്റെ വീഡിയോ വൈറലാകുന്നു. സമയം പാലിക്കാനുള്ള ഓട്ടത്തിനിടയിലും മാനുഷികതക്ക് മുൻഗണന നൽകിയയാളെ സോഷ്യൽ മീഡിയ 'ഹീറോ' എന്ന് വിശേഷിപ്പിക്കുന്നു.
തിരക്കേറിയ നഗര ജീവിതത്തിനിടയിലും മാനുഷികതക്കും പരിഗണനക്കും വലിയ സ്ഥാനമുണ്ടെന്ന് തെളിയിക്കുകയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിക്കൊണ്ടിരുക്കുന്ന ഒരു വീഡിയോ. തിരക്കേറിയ മുംബൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ തുടങ്ങുന്ന ലോക്കൽ ട്രെയിൻ നിർത്തി, പ്രായമായ ഒരു സ്ത്രീക്ക് സുരക്ഷിതമായി കയറാൻ അവസരം നൽകിയ ലോക്കോ പൈലറ്റിന്റെ മാനുഷികതയാണ് വീഡിയോയിലൂടെ ലോകം കണ്ടത്. വീഡിയോഗ്രാഫർ ഓം ത്രിപാഠിയാണ് ഈ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പകർത്തിയത്. കയ്യിൽ ഒരു വാക്കിംഗ് സ്റ്റിക്ക് പിടിച്ച് ട്രെയിൻ നീങ്ങാൻ തുടങ്ങുമ്പോഴും പ്ലാറ്റ്‌ഫോമിലൂടെ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്ന ഒരു വയോധികയെ വീഡിയോയിൽ കാണാം. എന്നാൽ ഇത് കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി അവർക്ക് സുരക്ഷിതമായി ട്രെയിനിൽ കയറാൻ വേണ്ട സമയം നൽകുകയും ചെയ്തു.
“മനുഷ്യത്വം ഇപ്പോഴും നശിച്ചിട്ടില്ല” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഇതിനോടകം 14 ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. സമയം പാലിക്കാനുള്ള ഓട്ടത്തിനപ്പുറം മാനവികതക്ക് മുൻഗണന നൽകിയ ഡ്രൈവറെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ “യഥാർത്ഥ ജീവിതത്തിലെ ഹീറോ” എന്നാണ് വിശേഷിപ്പിക്കുന്നത്. പാൽഘർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ പോയിരുന്നെങ്കിൽ അടുത്ത ട്രെയിനിന് രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടിവരുമായിരുന്നു. ലോക്കോ പൈലറ്റിന് നന്ദി എന്ന് ഒരു ഉപയോക്താവ് പ്രതികരിച്ചിട്ടുണ്ട്. മുംബൈയിലെ ലോക്കൽ ലോക്കോ പൈലറ്റുകൾ വളരെ നന്മയുള്ളവരാണെന്നും ഇതുപോലുള്ള സംഭവങ്ങൾ മുമ്പ് നേരിട്ട് കണ്ടിട്ടുണ്ടെന്നും മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്. തിരക്കുകളും ഓട്ടപ്പാച്ചിലും നിറഞ്ഞ നഗരജീവിതത്തിനിടയിൽ പോലും മനുഷ്യത്വത്തിനും സഹാനുഭൂതിക്കും ഇന്നും ഇടമുണ്ടെന്ന ശക്തമായ സന്ദേശമാണ് ഈ വീഡിയോ നൽകുന്നത്.


