
ജയ്‍പൂര്‍: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസ് സേവകന്‍ ആകുമായിരുന്നുവെന്ന് ബിജെപി നേതാവ് വാസുദേവ് ദേവനാനി. രാജസ്ഥാനിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയാണ് വാസുദേവ്. ബിജെപി സര്‍ക്കാര്‍ മഹാത്മ ഗാന്ധിയുടെ സ്വപ്നങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും ഗ്യാസ് കണക്ഷനുകള്‍ നല്‍കിയും ശുചിമുറികള്‍ നിര്‍മിച്ചും ഇത് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഗാന്ധിജിയുടെ ആശയങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളാണെന്ന് ആര്‍എസ്എസ് അവകാശപ്പെട്ടിരുന്നു. പശുസംരക്ഷണം, സ്വദേശി ഭാഷ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് സംഘടന പിന്തുടരുന്നതെന്ന് മുഖപത്രമായ ഓര്‍ഗനൈസറിലൂടെ ആർഎസ്എസ് വ്യക്തമാക്കി.
ഓര്‍ഗനൈസറില്‍ ജോയിന്‍റ് ജനറല്‍സെക്രട്ടറി മന്‍മോഹന്‍ വൈദ്യ എഴുതിയ ലേഖനത്തിലാണ് ഗാന്ധി അനുകൂല നിലപാട് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. എന്നാല്‍ ഗാന്ധിയുടെ ആദർശങ്ങൾ യഥാർത്ഥത്തിൽ പിന്തുടരുന്നത് ആഎസ്എസാണ്. ഹൈന്ദവതയോടുള്ള ഗാന്ധിജിയുടെ അടുപ്പവും,താല്‍പര്യവും നിഷേധിക്കാനാവില്ല, താന്‍ തീവ്രഹിന്ദുവാണെന്ന് ഗാന്ധിജി പറയുമായിരുന്നുവെന്നും മന്‍മോഹന്‍ വൈദ്യ അവകാശപ്പെടുന്നു.
അതേ സമയം ഗാന്ധിജിയുടെ കാല്‍പാടുകളെ പിന്തുടരാന്‍ ഒരിക്കലും ആര്‍എസ്എസിനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി തിരിച്ചടിച്ചു. ബിജെപി ഒരിക്കലും ഗാന്ധിജിയെ അംഗീകരിച്ചിരുന്നില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഗാന്ധി അനുസ്മരണത്തില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam