
ജമ്മു: ഭാരത് ജോഡോ യാത്ര വലിയ വിജയമായി മാറിയെന്ന ആത്മവിശ്വാസത്തിലാണ് രാഹുൽ ഗാന്ധി. യാത്രക്കിടയിൽ ഇടയ്ക്ക് മാധ്യമങ്ങളെ കണ്ടപ്പോളെല്ലാം കോൺഗ്രസ് മുൻ അധ്യക്ഷൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ പഴയ രാഹുൽ ഗാന്ധിയെ ഞാൻ കൊന്നു എന്നുപോലും പറഞ്ഞ രാഹുൽ, ഇപ്പോഴിതാ മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയായാൽ പ്രഥമ പരിഗണന എന്താകും, രാഷ്ട്രീയത്തിലിറങ്ങാൻ കാരണമെന്ത്, വിവാഹം കഴിക്കില്ലേ തുടങ്ങിയ കാര്യങ്ങളിലെല്ലാം രാഹുൽ ഗാന്ധി വ്യക്തമായ ഉത്തരം നൽകിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെ ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇക്ക്യാര്യങ്ങളിലെല്ലാം തന്‍റെ നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായാൽ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനാകും പ്രഥമ പരിഗണന നൽകുകയെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. രാജ്യത്തെ വിദ്യാഭ്യാസ മേഖല ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ഇതിനുള്ള ശ്രമങ്ങളാകും താൻ പ്രധാനമന്ത്രിയായാൽ ആദ്യം മുതൽ ശ്രമിക്കുകയെന്നും അദ്ദേഹം വിവരിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം ഉറപ്പാക്കുകയും തന്‍റെ പ്രധാന ലക്ഷ്യങ്ങളിലുണ്ടെന്നും രാഹുൽ വിശദീകരിച്ചു.
അച്ഛന്‍റെയും മുത്തശ്ശിയുടെയും മരണമാണ് രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരണയായതെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി. വിവാഹക്കാര്യത്തിലും രാഹുൽ, യൂ ട്യൂബ് അഭിമുഖത്തിൽ നിലപാട് വ്യക്തമാക്കി. വിവാഹത്തിനെതിരല്ലെന്നും യോജിച്ച പങ്കാളിയെ കണ്ടെത്താത്തതുകൊണ്ടാണ് ഇതുവരെ വിവാഹം കഴിക്കാത്തതെന്നും പറഞ്ഞ രാഹുൽ യോജിച്ച പങ്കാളിയെ കണ്ടെത്തിയാൽ വിവാഹം കഴിക്കുമെന്നും കൂട്ടിച്ചേർത്തു. സ്നേഹമയിയായ, ബുദ്ധിമതിയായ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുന്നതിന് തടസമില്ലെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.
അതേസമയം ജമ്മുകശ്മീരിലെ നര്‍വാര്‍ളില്‍ ഇന്നലെയുണ്ടായ ഇരട്ട സ്ഫോടനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏറെ ദൂരത്തിലാണ് ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതെങ്കിലും രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വർധിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ഭാരത് ജോഡോ യാത്രയില്‍ ആളെ കുറയ്ക്കാന്‍ സാധ്യതയുണ്ട്. ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് കടക്കുമ്പോള്‍ തന്ത്ര പ്രധാനമേഖലകളെല്ലാം നിരീക്ഷണത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മുകശ്മീര്‍ ഭരണകൂടം പ്രതികരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam