ബിജെപിക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ സർക്കാരിനെ മറിച്ചിടൂ: കമൽനാഥിന്റെ വെല്ലുവിളി

By Web TeamFirst Published Jun 29, 2019, 6:46 PM IST
Highlights

സർക്കാർ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച കേസിൽ ആകാശ് വിജയവർഗ്ഗിയ എന്ന ബിജെപി എംഎൽഎ അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കാണ് മറുപടി

ഭോപ്പാൽ: ബിജെപി നേതാക്കൾക്ക് ധൈര്യമുണ്ടെങ്കിൽ മധ്യപ്രദേശിലെ തന്റെ സർക്കാരിനെ താഴെയിറക്കൂ എന്ന വെല്ലുവിളിയുമായി മുഖ്യമന്ത്രി കമൽനാഥ്. നീണ്ട 15 വർഷത്തിന് ശേഷം സംസ്ഥാനത്ത് ഭരണത്തിലെത്തിയ ശേഷമാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.

"ബിജെപിക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ സർക്കാരിനെ താഴെയിറക്കൂ, അല്ലാതെ നെടുനീളൻ പ്രസ്താവനകൾ മാത്രമിറക്കുന്നതെന്തിനാണ്?" അദ്ദേഹം ചോദിച്ചു. ഇൻഡോറിൽ തങ്ങൾ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം ഇങ്ങിനെ പറഞ്ഞതായി ഇന്ത്യ ടുഡെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സർക്കാർ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച കേസിൽ ആകാശ് വിജയവർഗ്ഗിയ എന്ന ബിജെപി എംഎൽഎ അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കാണ് മറുപടി. മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനും ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയും സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞിരുന്നു.

സംസ്ഥാനം ഭരിക്കാൻ കോൺഗ്രസിനെ ചുമതലപ്പെടുത്തിയത് ജനങ്ങളാണെന്നും, തങ്ങളുടെ പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമാണ് ബിജെപി നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നുമാണ് കമൽനാഥ് പറഞ്ഞത്.

click me!