
ഹോഷംഗാബാദ് : പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുകൊണ്ട് പല സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രത്തിനും ഇടയിൽ കടുത്ത വാദവിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കേരളം പോലെ ചില സംസ്ഥാനങ്ങൾ ഭേദഗതിക്കെതിരെ നിയമം പാസാക്കുക പോലുമുണ്ടായി. പിണറായി വിജയൻ പതിനൊന്നു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർക്ക് ഇതുസംബന്ധിച്ച് പരസ്പരസഹകരണം വേണം എന്ന് ചൂണ്ടിക്കാട്ടി കത്തും അയച്ചിരിക്കുന്നു. കോൺഗ്രസ് അല്ലെങ്കിൽ ബിജെപി ഇതര ചേരികളിലുള്ള പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒരുകാരണവശാലും ഈ ഭേദഗതി തങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. അതേസമയം, കേന്ദ്രം പറയുന്നത് ഇത് പാർലമെന്റിന്റെ ഇരു സഭകളും ഏകകണ്ഠമായി നടപ്പിലാക്കിയ ഒരു നിയമമാണ് അത് നടപ്പിലാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല എന്നാണ്. ഈ വാദങ്ങളിങ്ങനെ ഉച്ചസ്ഥായിയിൽ ഇരിക്കുന്ന സമയത്താണ് മധ്യപ്രദേശിലെ ഹോഷംഗാബാദിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപിയായ റാവു ഉദയ് പ്രതാപ് സിംഗിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു,"CAA നടപ്പിൽ വരുത്തിയില്ലെങ്കിൽ സംസ്ഥാനസർക്കാരുകൾ പിരിച്ചുവിടപ്പെട്ടേക്കാം. അവിടങ്ങളിൽ രാഷ്ട്രപതിഭരണത്തിന് ഗവർണർമാർ ശുപാർശ ചെയ്തേക്കാം. ഇതിനു മുമ്പും പല പ്രത്യേക സാഹചര്യങ്ങളിലും ഇന്ത്യയിൽ 356 പ്രയോഗിക്കപ്പെട്ടിട്ടുണ്ട്, സംസ്ഥാനസർക്കാരുകളെ പിരിച്ചു വിട്ട് രാഷ്‌ട്രപതി ഭരണം കൊണ്ടുവന്നിട്ടുണ്ട് എന്നത് മറക്കേണ്ട "
അടുത്താഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ മധ്യപ്രദേശ് സന്ദർശിക്കാനിരിക്കെയാണ് എംപിയുടെ വിവാദപരാമർശം എന്നതും ശ്രദ്ധേയമാണ്. മധ്യപ്രദേശ് ഭരിക്കുന്ന കോൺഗ്രസ് സർക്കാർ പൗരത്വ നിയമ ഭേദഗതിയുമായി സഹകരിക്കാൻ വിസമ്മതിച്ചിരിക്കുകയാണ്. ഭോപ്പാലിൽ ഭേദഗതിക്ക് എതിരായി നടന്ന റാലിയിൽ മുഖ്യമന്ത്രി കമൽനാഥ് പങ്കെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ എംപിയുടെ ഭാഗത്തുനിന്നുള്ള ഈ പ്രസ്താവന രാജ്യവ്യാപകമായ പ്രതികരണങ്ങൾക്ക് തന്നെ ഇടയാക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam