
ബെംഗളൂരു: സർക്കാർ സംഘടിപ്പിച്ച മാതൃഭാഷാ ശില്പശാലയിൽ പങ്കെടുക്കാത്ത സ്വകാര്യ സ്കൂളുകൾക്ക് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്ന് അറിയിച്ച് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി എഡ്യുക്കേഷൻ മന്ത്രി എസ് സുരേഷ് കുമാർ. സ്കൂളുകളിൽ കന്നട നിർബന്ധമാക്കുന്നതു സംബന്ധിച്ച ശില്പശാലയിൽ ബെംഗളൂരിലെ 130ഓളം സ്കൂളുകൾ വിട്ടു നിന്നതായി മന്ത്രി വ്യക്തമാക്കി.
ഐസിഎസ്ഇ, സിബിഎസ്ഇ, ഐജിസിഎസ്ഇ ബോർഡുകൾക്ക് കീഴിലുള്ള സ്കൂളുകളെ സർക്കാരും കന്നഡ ഡവലപ്മെന്റ് അതോറിറ്റിയും ചേർന്ന് സംഘടിപ്പിച്ച ശില്പശാലയിലേയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും 30 ശതമാനം സ്കൂളുകളും ശില്പശാലയിൽ പങ്കെടുക്കുകയോ കാരണം ബോധിപ്പിക്കുകയോ ചെയ്തില്ലെന്ന് മന്ത്രി പറഞ്ഞു. ശില്പശാലയിൽ രജിസ്ട്രർ ചെയ്യപ്പെട്ട 510ഓളം സ്കൂളുകളിൽ 380 സ്കൂളുകളുടെ പ്രതിനിധികൾ മാത്രമാണ് ശില്പശാലയ്ക്കെത്തിയത്.
ചില സ്വകാര്യ സ്കൂളുകൾ കന്നഡ പഠിപ്പിക്കുന്നത് മികച്ച പ്രവൃത്തിയായി കാണുന്നില്ലെന്നും ചില സ്കൂളുകൾ അധ്യാപക യോഗ്യതയില്ലാത്തവരെയാണ് കന്നഡ അധ്യാപകരായി നിയമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. 2015 ലെ കന്നഡ ലാംഗ്വേജ് ലേണിങ് ആക്ട് പ്രകാരം 2017 മുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കന്നഡ പഠനം നിർബന്ധമാക്കിയിരുന്നു. ബെംഗളൂരൂവിലെ 159 ഓളം സ്കൂളുകൾ നിയമം പിന്തുടരുന്നില്ലെന്ന് കന്നട ഡവലപ്മെന്റ് അതോറിറ്റി സർക്കാരിനെ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam