UP Election : അലഞ്ഞ് തിരിയുന്ന കന്നുകാലികളെ സംരക്ഷിക്കുന്ന കർഷകർക്ക് മാസംതോറും പ്രതിഫലമെന്ന് യോഗി

By Web TeamFirst Published Feb 23, 2022, 5:48 PM IST
Highlights

അലഞ്ഞ് തിരിയുന്ന കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കർഷകർക്ക് മാസം തോറും 900 മുതൽ 1000 രൂപ വരെ പ്രതിഫലമായി നൽകും

അമേതി:  ഉത്തർപ്രദേശിൽ ബിജെപി സർക്കാർ (BJP Govt) വീണ്ടും അധികാരത്തിലെത്തിയാൽ അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പുനഃരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath). ഇതിനായി അലഞ്ഞ് തിരിയുന്ന കന്നുകാലികളെ (Stray Cattle) ഏറ്റെടുത്ത് സംരക്ഷിക്കുന്ന കർഷകർക്ക് മാസം തോറും 900 മുതൽ 1000 രൂപ വരെ പ്രതിഫലമായി നൽകും. അമേതിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി. 

അലഞ്ഞ് തിരിയുന്ന കന്നുകാലികൾ കൃഷികൾ നശിപ്പിക്കുന്നത് യുപിയിൽ പതിവാണ്.  അതിനാൽ അലഞ്ഞ് തിരിയുന്ന കന്നുകാലികളിൽ നിന്ന് കർഷകരുടെ കൃഷിപ്പാടങ്ങൾ സംരക്ഷിക്കുമെന്നും യോഗി പറഞ്ഞു. അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ പൂർണ്ണമായും നിർത്തലാക്കി. ഗോമാതാവിനെ കശാപ്പുചെയ്യുന്നത് ബിജെപി സർക്കാർ അനുവദിക്കില്ലെന്നും യോഗി കൂട്ടിച്ചേർത്തു.  ഞങ്ങൾ യുവാക്കൾക്ക് 5 ലക്ഷം സർക്കാർ ജോലികൾ നൽകി - യോഗി പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും. 

'യോഗി കേരളത്തെ കുറ്റപ്പെടുത്തുന്നത് സ്വന്തം പരാജയം മറയ്ക്കാന്‍: പ്രിയങ്ക ഗാന്ധി

ലഖ്നൌ: കേരളത്തെ അധിക്ഷേപിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി (Priyanka Gandhi). സ്വന്തം പരാജയം മറക്കാനാണ് യോഗി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനങ്ങളുടെ പേരിലല്ല, രാജ്യത്തെ ഒന്നായാണ് കാണേണ്ടത്. സമസ്ത മേഖലയിലും പരാജയമായതോടെ യോഗി മതത്തെ ഉപയോഗിച്ച് ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. സ്വന്തം പരാജയം മറയ്ക്കാനാണ് യോഗി കേരളത്തെ കുറ്റപ്പെടുത്തുന്നത്. വിദ്യാഭ്യാസത്തിലടക്കം കേരളം മുന്‍പന്തിയിലെത്തിയതാണോ കുറ്റമെന്നും പ്രിയങ്ക ചോദിച്ചു.

യുപിയില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങള്‍ വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അവര്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ലഖിംപൂര്‍, ഉന്നാവോ കേസുകളില്‍ പ്രതിസ്ഥാനത്ത് വരുന്നവര്‍ അധികാരത്തില്‍ ഇരിക്കുന്നവരോ അധികാരവുമായി ബന്ധപ്പെട്ടവരോ ആണ്. ഇരയെ സംരക്ഷിക്കുന്നതിനെക്കാള്‍ പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് അടക്കം ശ്രമിക്കുന്നത്. അക്രമങ്ങള്‍ക്ക് ഇരയായ ശേഷവും സ്ത്രീകള്‍ അപമാനിക്കപ്പെടുകയാണ്. ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാണെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു.

കേരളത്തെ അധിക്ഷേപിച്ച യോഗി ആദിത്യനാഥിനെതിരെ അഖിലേഷ് യാദവും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സർവമേഖലകളിലും യുപിയേക്കാള്‍ എത്രയോ മുമ്പിലാണ് കേരളമെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുമെന്നുമായിരുന്നു അഖിലേഷ് യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 'ബിജെപി നേതാക്കളുടെ മുഖം കണ്ടിട്ട് ജയിക്കുമെന്ന് തോന്നുന്നുണ്ടോ. അവർ ഉപയോഗിക്കുന്ന ഭാഷ നോക്കു. വികസനത്തെ കുറിച്ചല്ല വിവരക്കേടാണ് ബിജെപി നേതാക്കള്‍ പറയുന്നത്. യുപിയേയും കേരളത്തെയും യോഗി ആദിത്യനാഥ് താരതമ്യം ചെയ്തുവെന്നത് വിശ്വസിക്കാന്‍ കഴിയുമോ. ആരോഗ്യം അടക്കമുള്ള മേഖലകളില്‍ കേരളത്തേക്കാള്‍ താഴെയാണ് യുപി. ബിജെപി സർക്കാര്‍ ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങള്‍ ആണ് നല്‍കിയത്'. ഇപ്പോള്‍ മറുപടിയില്ലാത്തതിനാല്‍ മോശം പരാമർശം നടത്തുന്നതാണ് കാണാന്‍ കഴിയുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

നീതി ആയോഗ് പട്ടികയില്‍ കേരളം ഏറ്റവും മുന്നിലാണ്. കേരളം ആരോഗ്യരംഗത്തും  വിദ്യാഭ്യാസ രംഗത്തും മുന്നിലാണ്. തൊഴില്‍ നല്‍കുന്നതില്‍ യുപിയേക്കാളും മുന്നിലാണ്. ആരുമായി താരതമ്യം ചെയ്യണമെന്ന് പോലും യുപി മുഖ്യമന്ത്രിക്ക് അറിയില്ല. ഹിന്ദു മുസ്ലീം വര്‍ഗീയത പറയുന്നതിലും ആക്രമം ഉണ്ടാക്കുന്നതിലും ജാതി കാര്യത്തിലുമാണ് മുഖ്യമന്ത്രിക്ക് താല്‍പ്പര്യം. തൊഴില്‍ നല്‍കാനോ ആരോഗ്യ രംഗം മെച്ചപ്പെടുത്താനോ നിക്ഷേപം കൊണ്ടുവരാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. കർഷകർക്ക് ഒരു സഹായവും നല്‍കിയിട്ടില്ല. വൈദ്യുതി നിരക്ക് ഏറ്റവും കൂടുതല്‍ യുപിയിലാണ്. എല്ലാ രംഗത്തെയും പരിഗണിച്ച് സമഗ്രവികസനം വാഗ്ദാനം ചെയ്താണ് സമാജ്‍വാദി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള ബിജെപി നേതാക്കളെല്ലാം യുപിയില്‍ പ്രചാരണം നടത്തുന്നു. യുപിയില്‍ തോറ്റാല്‍ കേന്ദ്രത്തിലും തോല്‍ക്കുമെന്നും ബിജെപിക്ക് അറിയാം. എന്നാല്‍ യുപിയിലെ ജനങ്ങള്‍ ഇത്തവണ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

click me!