
ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ഒളിയമ്പുമായി ഡികെ ശിവകുമാർ. 2017-ൽ സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരിക്കെ ഒരു സ്റ്റീൽ ഫ്ലൈ ഓവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടി ആയിരുന്നു പരിഹാസം. താനായിരുന്നെങ്കിൽ ഭീഷണിക്ക് വഴങ്ങുമായിരുന്നില്ല. ഭീഷണി മറികടന്നും പദ്ധതി നടപ്പാക്കിയേനെ എന്നും ഡികെ ശിവകുമാർ പറഞ്ഞു.
ബെംഗളുരു വിമാനത്താവളത്തിലേക്ക് ഉള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി ബസവേശ്വര സർക്കിൾ മുതൽ ഹെബ്ബാൾ ജംഗ്ഷൻ വരെ 1761 കോടി രൂപ ചെലവിൽ സ്റ്റീൽ ഫ്ലൈ ഓവർ നിർമിക്കാൻ ആയിരുന്നു പദ്ധതി. എന്നാൽ സ്ഥലത്തെ മരങ്ങൾ മുറിക്കുന്നതിന് എതിരെ പരിസ്ഥിതി വാദികളും പദ്ധതിയിൽ അഴിമതി ആരോപിച്ച് സംഘടനകളും രംഗത്ത് വന്നതോടെ സിദ്ധരാമയ്യ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെയാണ് പരിഹസിച്ച് ഡികെ രംഗത്തെത്തിയത്. താനായിരുന്നെങ്കിൽ ഭീഷണിക്ക് വഴങ്ങുമായിരുന്നില്ലെന്നും
ഭീഷണി മറികടന്നും പദ്ധതി നടപ്പാക്കിയേനെ എന്നും ഡികെ ശിവകുമാർ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായി നേരത്തെ ഇരുവരും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. ഹൈക്കമാന്റിന്റെ നിരന്തര ഇടപെടലിനൊടുവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും സംസ്ഥാനത്ത് അഞ്ച് വർഷവും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ഭരിക്കുമെന്ന് മന്ത്രി എംബി പാട്ടീൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പദവി കൈമാറ്റം 2.5 വർഷത്തിന് ശേഷം വേണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. അങ്ങനെ ഒരു തീരുമാനവും ഹൈക്കമാന്റ് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ച് വർഷവും സിദ്ധരാമയ്യ തന്നെ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരുമെന്ന് എംബി പാട്ടീൽ വ്യക്തമാക്കുകയായിരുന്നു.