'ഇപ്പോഴല്ലെങ്കിലും, ഉടൻ കർണാടകത്തിൽ ബിജെപി സർക്കാരുണ്ടാക്കും': അമിത് ഷാ

By Web TeamFirst Published Jul 6, 2019, 9:35 PM IST
Highlights

തെലങ്കാനയിൽ നടന്ന അംഗത്വ വിതരണ ക്യാംപെയ്‍നിലാണ് അമിത് ഷായുടെ പ്രഖ്യാപനം. കേരളത്തിലും, തെലങ്കാനയിലും, ആന്ധ്രയിലും ബിജെപി അധികാരമുറപ്പിക്കുമെന്നും അമിത് ഷാ. 

ഹൈദരാബാദ്: കർണാടകത്തിൽ കോൺഗ്രസ് - ദൾ സർക്കാർ തുലാസ്സിൽ ആടിയുലഞ്ഞ് നിൽക്കേ, ഇപ്പോഴല്ലെങ്കിലും ഉടൻ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. കർണാടകം മാത്രമല്ല, കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ബിജെപി കീഴടക്കുമെന്നും ഷാ പറഞ്ഞു. തെലങ്കാനയിലെ ഷംസാബാദിൽ നടന്ന ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയ്‍നിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

''ഇപ്പോൾത്തന്നെ കർണാടകത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ഉടനല്ലെങ്കിലും കർണാടകത്തിൽ ബിജെപി സർക്കാരുണ്ടാക്കും. മാത്രമല്ല, വരുന്ന വർഷങ്ങളിൽ കേരളം, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലും നമ്മൾ അധികാരത്തിലെത്തും'', അമിത് ഷാ പറഞ്ഞു. 

ബിജെപി വീണ്ടും അധികാരത്തിലെത്തിയ ശേഷം, ആദ്യമായാണ് അമിത് ഷാ ഹൈദരാബാദിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ ഉദ്ഘാടനം ചെയ്ത അംഗത്വ വിതരണ ക്യാംപെയ്‍ൻ ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്തത് അമിത് ഷായാണ്. ആദ്യ ദിവസം തന്നെ, തെലുഗു ദേശം പാർട്ടിയുടെ സ്ഥാപക നേതാവ് നന്ദെൻഡല ഭാസ്കർ റാവുവിനെ സ്വന്തം പാളയത്തിലെത്തിക്കാൻ ബിജെപിക്കായി. 1982-ൽ ടിഡിപി എന്ന പാർട്ടി എൻ ടി രാമറാവുവിനൊപ്പം സ്ഥാപിച്ച നേതാവാണ് ഐക്യ ആന്ധ്രാപ്രദേശിന്‍റെ മുൻ മുഖ്യമന്ത്രി കൂടിയായ നന്ദെൻഡല ഭാസ്കർ റാവു. അട്ടിമറിയിലൂടെ 1984-ൽ റാവുവിന് അന്ന് അധികാരം നഷ്ടപ്പെടുകയായിരുന്നു. പിന്നീടങ്ങോട്ട് ടിഡിപിയിലെ പ്രമുഖ നേതാവായി ഉയരാൻ ഭാസ്കർ റാവുവിന് കഴിഞ്ഞതുമില്ല. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ആർ വി ചന്ദ്രവദനും തെലങ്കാനയിൽ നിന്ന് ഇന്ന് ബിജെപിയിൽ ചേർന്നവരിൽ പെടുന്നു. 

കർണാടകത്തിൽ വീണ്ടും ദൾ - കോൺഗ്രസ് സഖ്യസർക്കാർ താഴെ വീഴുമെന്ന രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമ്പോൾ അവസരം മുതലാക്കാനൊരുങ്ങുകയാണ് ബിജെപി. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചാൽ മാത്രം ഭാവി പരിപാടികൾ ആലോചിക്കുമെന്നാണ് യെദ്യൂരപ്പയുടെ പ്രതികരണം. എന്നാൽ ഇപ്പോഴുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപിയാണെന്ന പ്രതീതി വരാതിരിക്കാൻ ശ്രദ്ധിച്ചാണ് യെദ്യൂരപ്പ മുന്നോട്ടു പോകുന്നത്.

അതേസമയം, കേന്ദ്രമന്ത്രി കൂടിയായ സദാനന്ദ ഗൗഡ, സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ടെന്ന് അവകാശപ്പെടുന്നു. സർക്കാർ രൂപീകരിക്കുകയാണെങ്കിൽ യെദ്യൂരപ്പ തന്നെയാകും മുഖ്യമന്ത്രിയാവുകയെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. ഗവർണറാണ് ഇതിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടതെന്നും, ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചാൽ അതിനുള്ള ഭൂരിപക്ഷമുണ്ടെന്നും സദാനന്ദ ഗൗഡ‍ വ്യക്തമാക്കി. 

''ഞങ്ങൾക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവുമായി ഒരു ബന്ധവുമില്ല. ഈ സർക്കാർ താഴെ വീഴുമെന്ന് ഞങ്ങൾ നേരത്തേ പ്രവചിച്ചതാണ്. ആഭ്യന്തര കലഹങ്ങളുടെ ഭാരം താങ്ങാനൊന്നും ഈ സർക്കാരിന് കെൽപില്ല. ബിജെപി കാത്തിരുന്ന് കാണാമെന്ന നയമാണ് സ്വീകരിക്കുന്നത്. വേണ്ട സമയത്ത് വേണ്ട നടപടിയെടുക്കാം'', യെദ്യൂരപ്പ പറഞ്ഞു. 

click me!