Latest Videos

'കണ്ണടച്ചുതുറക്കുന്നതിനിടെ ഞങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കി, എന്നെ അറസ്റ്റ് ചെയ്താലും ആശ്ചര്യമില്ല': മെഹ്ബൂബ മുഫ്തിയുടെ മകള്‍

By Web TeamFirst Published Aug 8, 2019, 1:39 PM IST
Highlights

കണ്ണടച്ചുതുറക്കുന്ന സമയത്തിനുള്ളില്‍ ഞങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതെയാക്കിയത് രാജ്യമറിയുവാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.

ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ച് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ സന ഇല്‍തിജ ജാവേദ്. മെഹ്ബൂബ മുഫ്തിയുടെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതിശക്തയായ സ്ത്രീയാണ് മെഹ്ബൂബ എന്നും സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്താലും അത്ഭുതപ്പെടേണ്ടതില്ലെന്നും സന പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനോട് നടത്തിയ സംഭാഷണത്തിനിടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

'അമ്മയെ ഒന്നുകാണുവാനുള്ള അനുവാദം തരണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് നിരവധി സന്ദേശങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ അമ്മയെ കാണാന്‍ മകളെ അനുവദിക്കുന്നതില്‍ അവര്‍ അസ്വസ്ഥരായിരുന്നു. എന്തിനാണ് അവര്‍ ഭയക്കുന്നത്? ഭരണാഘടനാവിരുദ്ധമെന്ന് അറിയാമെങ്കിലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തില്‍ അവര്‍ ഉറച്ചുനിന്നു'- സന പറഞ്ഞു.

'എന്നെ കാണാനും ആരെയും അനുവദിച്ചിരുന്നില്ല. ഞാന്‍ ഒരു സാധാരണ കശ്മീരി പെണ്‍കുട്ടിയാണ്, ഇന്ത്യന്‍ പൗരനാണ്. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ഒരു പെണ്‍കുട്ടിയെപ്പോലും അവര്‍ ഭയക്കുകയാണ്. ഞങ്ങള്‍ക്ക് സ്വാതന്ത്യവും അവകാശങ്ങളുമില്ലേ? എന്നെ അറസ്റ്റ് ചെയ്താലും അതില്‍ അത്ഭുതമില്ല.  കണ്ണടച്ചുതുറക്കുന്ന സമയത്തിനുള്ളില്‍ ഞങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതെയാക്കിയത് രാജ്യമറിയുവാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല'- സന കൂട്ടിച്ചേര്‍ത്തു. 

ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.  ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്ന ജമ്മു കശ്മീര്‍ വിഭജന ബില്ലും ലോക്സഭ പാസാക്കിയതോടെ  ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരും. 

 
 

click me!