രാജ്യത്ത് ക്ഷാമം നേരിടുമ്പോള്‍ പിപിഇ കിറ്റുകളും മാസ്ക്കുകളും ചൈനയിലേക്ക് കടത്താന്‍ ശ്രമം

By Web TeamFirst Published May 14, 2020, 10:09 AM IST
Highlights

കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ വെന്‍റിലേറ്ററുകള്‍, മാസ്ക്കുകള്‍, ഇത് നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ തുടങ്ങിയവയുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. 

ദില്ലി: കൊവിഡ് 19 വൈറസ് ബാധ പടരുമ്പോള്‍ പിപിഇ കിറ്റുകള്‍ക്കും മാസ്ക്കുകള്‍ക്കുമെല്ലാം വലിയ ക്ഷാമമാണ് രാജ്യം നേരിടുന്നത്. ഇറക്കുമതിക്കൊപ്പം ആഭ്യന്തര ഉത്പാദനവും വര്‍ധിപ്പിച്ചെങ്കിലും പിപിഇ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ രാജ്യതലസ്ഥാനത്ത് നിന്ന് അനധികൃമായി ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച പിപിഇ കിറ്റുകളും മാസ്ക്കുകളും സാനിറ്റൈസറുകളും വന്‍ തോതില്‍ കസ്റ്റംസ് പിടിച്ചെടുത്തു.

രണ്ട് ഓപ്പറേഷനുകളിലായാണ് കയറ്റുമതി നിരോധിച്ച കൊവിഡ് 19 പ്രതിരോധത്തിനുള്ള സാധനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തത്. ആദ്യത്തെ ഓപ്പറേഷനില്‍ മാസ്ക്കുകള്‍ നിര്‍മിക്കാനുള്ള 2480 കിലോ അസംസ്കൃത വസ്തുക്കളാണ് കണ്ടെത്തിയത്. പൗച്ചുകള്‍ നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ എന്ന പേരിലാണ് ചൈനയിലേക്കുള്ള എയര്‍ കാര്‍ഗോയിലേക്ക് ഈ സാധനങ്ങള്‍ എത്തിയത്.

രണ്ടാമത്തെ ഓപ്പറേഷനില്‍ മാസ്ക്കുകള്‍, പിപിഇ കിറ്റുകള്‍, സാനിറ്റൈസുസറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. 5.08 ലക്ഷം മാസ്ക്കുകള്‍, 57 ലിറ്ററിന്‍റെ 950 ബോട്ടില്‍ സാനിറ്റൈസറുകള്‍, 952 പിപിഇ കിറ്റുകളാണ് എന്നിവയാണ് കണ്ടെത്തിയത്.

രണ്ട് കേസുകളിലും അന്വേഷണം നടത്തുകയാണ് കസ്റ്റംസ് അറിയിച്ചു. നേരത്തെ, കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ വെന്‍റിലേറ്ററുകള്‍, മാസ്ക്കുകള്‍, ഇത് നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ തുടങ്ങിയവയുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. 
 

click me!