ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതിയിൽ പ്രതിഷേധം; കൂട്ടനിവേദനം നൽകാൻ ഐഎംഎ

By Web TeamFirst Published Feb 15, 2021, 2:16 PM IST
Highlights

“അപ്രായോഗികവും അശാസ്ത്രീയവും അധാർമികവുമായ വിജ്ഞാപനം” ഉടൻ പിൻവലിക്കണം. നിവേദനത്തിന് പുറമെ വിജ്ഞാപനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുമെന്നും ഐഎം എ പ്രസ്താവനയിൽ പറഞ്ഞു.
 


ദില്ലി: ആയുർവ്വേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി നൽകിയ വിജ്ഞാപനത്തെ എതിർത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേന്ദ്ര തീരുമാനത്തിനെതിരെ കൂട്ട നിവേദനം സമർപ്പിക്കാനുള്ള തീരുമാനത്തിലാണെന്നും ഐഎംഎ. അറിയിച്ചു. എത്രയും പെട്ടെന്ന് ഈ തീരുമാനം പിൻവലിക്കണമെന്നാണ് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. നടപടിയിൽ പ്രതിഷേധമറിയിച്ച് ഫെബ്രുവരി 1 മുതൽ 14 വരെ ഐഎംഎ റിലേ നിരാഹാര സമരം സംഘടിപ്പിച്ചിരുന്നു. “അപ്രായോഗികവും അശാസ്ത്രീയവും അധാർമികവുമായ വിജ്ഞാപനം” ഉടൻ പിൻവലിക്കണം. നിവേദനത്തിന് പുറമെ വിജ്ഞാപനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുമെന്നും ഐഎം എ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളിൽ ഡോക്ടർമാരുടെ അഭാവമുണ്ടെന്ന അവകാശ വാദം തെറ്റാണെന്ന് തെളിയിക്കാൻ സേവനസന്നദ്ധരായ 1000 മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ പട്ടിക സമർപ്പിക്കും. ഐഎംഎ അം​ഗങ്ങൾ, സ്പെഷ്യാലിറ്റി ഓർ​ഗനൈസേഷൻസ്, ആധുനിക വൈദ്യശാസ്ത്ര രം​ഗത്തെ വിദ്യാർത്ഥികൾ, വനിതാ ഡോക്ടർമാർ എന്നിവർ രാജ്യത്തെങ്ങുമുള്ള ജനങ്ങളെ, ആരോ​ഗ്യ രം​ഗത്തെ പിന്തിരിപ്പനും അശാസ്ത്രീയവുമായ ഈ നടപടിയെക്കുറിച്ച് ബോധവത്കരണം നടത്തും. എല്ലാ ആധുനിക ആശുപത്രികളും ശാസ്ത്രീയവും പരിശീലനം സിദ്ധിച്ചതുമായ ശസ്ത്രക്രിയാ വിദ​ഗ്ധരുടെ പ്രാധാന്യത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഡോക്ടർമാരുടെ സംഘടന പറഞ്ഞു.

ആധുനിക ആരോ​ഗ്യരം​ഗത്തെ ശസ്ത്രക്രിയാ വിദഗ്ധരും അനസ്‌തേഷ്യോളജിസ്റ്റുകളും ആയുഷ് വ്യക്തികളെ പരിശീലിപ്പിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്യുന്നതുമായി സഹകരിക്കില്ലെന്നും ഐ‌എം‌എ പ്രഖ്യാപിച്ചു. ആയുര്‍വേദ ഡോക്ടര്‍മാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ശസ്ത്രക്രിയക്കുള്ള അനുമതി. അതിലാണ് ആയുഷ് മന്ത്രാലയം അനുകൂല തീരുമാനമെടുത്തത്. ശല്യ തന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകള്‍ നടത്താം. ആയുര്‍വേദത്തിൽ യോഗ്യതയുള്ളവരില്ലാത്തതിനാല്‍ ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍മാര്‍ പരിശീലനം നല്‍കണം. എന്നാലിത് നല്‍കില്ലെന്നാണ് ഐഎംഎ നിലപാട്. 

 


 

click me!