നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് അമിത്ഷായെന്ന് ബിപ്ലബ് ദേബ്

By Web TeamFirst Published Feb 15, 2021, 12:28 PM IST
Highlights

 ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടിയതിന്  ശേഷം അയൽരാജ്യങ്ങളിലേക്ക് കൂടി പാർട്ടിയുടെ അധികാരപരിധി വർധിപ്പിക്കുന്നതിനെ കുറിച്ചാണ് അമിത്ഷാ സംസാരിച്ചതെന്നും ബിപ്ലബ് വിശദീകരിച്ചു.
 

ഗുവാഹത്തി: നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്ന്  ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. അ​ഗർത്തലയിൽ നടന്ന പാർട്ടി പരിപാടിക്കിടെയായിരുന്നു ബിപ്ലബിന്റെ അവകാശ വാദം. ഇന്ത്യയിലുടനീളം മാത്രമല്ല, അയൽരാജ്യങ്ങളിലും ബിജെപിയെ എത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അമിത് ഷാ എന്നും ബിപ്ലബ് ദേബ് പറഞ്ഞു. 2018 ലെ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് നടന്ന ചർച്ചകൾക്കിടെയാണ് ബിജെപിയുടെ രാജ്യാന്തര വികസനത്തെ കുറിച്ച് അമിത് ഷാ സൂചിപ്പിച്ചതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടിയതിന്  ശേഷം അയൽരാജ്യങ്ങളിലേക്ക് കൂടി പാർട്ടിയുടെ അധികാരപരിധി വർധിപ്പിക്കുന്നതിനെ കുറിച്ചാണ് അമിത്ഷാ സംസാരിച്ചതെന്നും ബിപ്ലബ് വിശദീകരിച്ചു.

ത്രിപുരയിലെ ​ഗസ്റ്റ് ഹൗസിൽ വച്ചു നടന്ന ചർച്ചയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ രൂപീകരിച്ചതായി ബിജെപിയുടെ വടക്കു കിഴക്കൻ മേഖലാ സെക്രട്ടറി അജയ് ജാംവാൾ പരാമർശിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് മറുപടിയായി നേപ്പാളും ശ്രീലങ്കയുമാണ് ഇനി അവശേഷിക്കുന്നതെന്നും അവിടങ്ങളിൽ പാർട്ടി പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി അധികാരം നേടണമെന്ന് അമിത് ഷാ പറഞ്ഞതായും ബിപ്ലബ് വെളിപ്പെടുത്തി. അതേ സമയം ഈ ബിപ്ലബിന്റെ ഈ പരാമർശങ്ങളെക്കുറിച്ച് പാർട്ടിയിൽ നിന്ന് ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല.

വരാനിരിക്കുന്ന പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺ​ഗ്രസ് പരാജയപ്പെടുമെന്നാണ് ബിപ്ലബിന്റെ അവകാശ വാദം. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി  ബിജെപിയെ വളർത്തിയ അമിത്ഷായുടെ നേതൃപാടവത്തെ ബിപ്ലബ് പ്രശംസിച്ചു. ഇടത് - വലത് ഭരണം മാറിമാറി പ്രത്യക്ഷമാകുന്ന കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ മാറ്റം വരുമെന്നും ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പും പലതരത്തിലുള്ള വിവാദ പരാമർശങ്ങളും ബിപ്ലബ് ദേബ് നടത്തിയിട്ടുണ്ട്. 

click me!