ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി; സുപ്രീംകോടതിയെ സമീപിച്ച് ഐഎംഎ

By Web TeamFirst Published Dec 21, 2020, 4:33 PM IST
Highlights

ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് പരിശീലനം നല്‍കില്ലെന്നും ആധുനിക വൈദ്യത്തെ പാരമ്പര്യരീതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്നുമായിരുന്നു ഐഎംഎയുടെ പ്രതികരണം
 

ദില്ലി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി നല്‍കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് എതിരെയാണ് ഐഎംഎ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നേരത്തെ, ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു.

ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് പരിശീലനം നല്‍കില്ലെന്നും ആധുനിക വൈദ്യത്തെ പാരമ്പര്യരീതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്നുമായിരുന്നു ഐഎംഎയുടെ പ്രതികരണം. നൂറല്‍ സര്‍ജറി അടക്കം നിര്‍വഹിക്കാന്‍ സ്‌പെഷ്യലൈസ്ഡ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

ശാസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താമെന്നാണ് ഉത്തരവില്‍ പറയുന്നത്. ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സയ്ക്കും അനുമതിയുണ്ട്. എന്നാല്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഐഎംഎ അംഗങ്ങള്‍ പരിശീലനം നല്‍കില്ലെന്ന് സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആധുനിക വൈദ്യശാസ്ത്രത്തെ പാരമ്പര്യ രീതികളുമായി കൂട്ടിക്കുഴയ്ക്കരുത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ വേണമെങ്കില്‍ അവരുടേതായ ശസ്ത്രക്രിയാ രീതികള്‍ വികസിപ്പിക്കട്ടെ. അശാസ്ത്രീയ തീരുമാനത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് രാജന്‍ ശര്‍മ്മ പ്രതികരിച്ചു. പിന്നീട് ഐഎംഎ പണിമുടക്കിയും ഐഎംഎം പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ സുപ്രീംകോടതിയെയും സമീപിച്ചിരിക്കുന്നത്.
 

click me!