
ജയ്പൂർ: രാജസ്ഥാനിലെ നട്വാരയിൽ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനൊരുങ്ങി പാക് വംശജ നീത സോധ. ഈ അടുത്ത കാലത്താണ് നീത സോധയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. ഭർത്താവിന്റെ പിതാവിന്റെ പാത പിന്തുടർന്നാണ് താൻ രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് നീത സോധ പറയുന്നു.
"എന്റെ ഭർത്താവിന്റെ അച്ഛൻ പഞ്ചായത്തിൽ സജീവ അംഗമാണ്, അദ്ദേഹമാണ് എന്നെ രാഷ്ട്രീയ ജീവിതത്തിലേക്ക് നയിച്ചത്. ഞാൻ പതിനെട്ട് വർഷം മുമ്പാണ് ഇന്ത്യയിലെത്തിയതെങ്കിലും 4 മാസം മുമ്പാണ് എനിക്ക് പൗരത്വം ലഭിച്ചത്, ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുകയാണ്"നീത സോധ പറഞ്ഞു.
തന്റെ ഗ്രാമത്തിലെ സ്ത്രീ ശാക്തീകരണത്തിനും മികച്ച വിദ്യാഭ്യാസത്തിനുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നീത പറഞ്ഞു. 'സ്ത്രീകളെ മുൻ നിരയിലെത്തിക്കാൻ പരമാവധി ശ്രമിക്കും. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും ആശുപത്രികൾക്കുമായി പ്രവർത്തിക്കും. ഏറ്റവും പ്രധാനമായി, ഗ്രാമത്തിന്റെ മെച്ചപ്പെട്ട വളർച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടി സ്ത്രീകൾക്ക് കൃത്യമായി വേതനം നൽകുന്നുണ്ടെന്ന് ഉറപ്പാക്കും 'നീത വ്യക്തമാക്കി.
ഇന്ത്യയിലെത്തിയതിന് ശേഷമുള്ള തന്റെ ജീവിത അനുഭവവും നീത പങ്കുവെച്ചു. പാകിസ്ഥാനേക്കാൾ മികച്ച ജീവിത സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇവിടെയെത്തിയ കാലം മുതൽ എനിക്ക് ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. അതാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും നീത സോധ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam