
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിനിടെ ബിജെപിക്ക് ലഭിച്ചത് 3,650.76 കോടി രൂപ. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന മാര്‍ച്ച് 10 മുതല്‍ മെയ് 23 വരെയുള്ള 75 ദിവസത്തിനിടെയാണ് ഏകദേശം പ്രതിദിനം 48 കോടി വീതം ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. 2014 ലോക്സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 18 ഇരട്ടിയുടെ ഫണ്ട് വര്‍ധനവാണ് പാര്‍ട്ടിക്ക് ഉണ്ടായത്.
2014ല്‍ മാര്‍ച്ച് അഞ്ച് മുതല്‍ മെയ് 16 വരെ 192 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. 2.6 കോടി രൂപ പ്രതിദിനം അന്ന് പാര്‍ട്ടി ഫണ്ടിലേക്ക് വന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കിലാണ് ബിജെപിക്ക് കണക്കുകള്‍ വ്യക്തമാക്കിയത്. അതേസമയം, കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന പൊതു തെരഞ്ഞെടുപ്പിനും, നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിനും ബിജെപി പ്രചാരണത്തിന് ചെലവഴിച്ച തുക 1264 കോടിയാണ്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ചിലവാക്കിയത് 1264 കോടി
ഇത് 2014 ലെ തെരഞ്ഞെടുപ്പിന് ചെലവവഴിച്ചതിനേക്കാള്‍ 77 ശതമാനം കൂടുതലാണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകള്‍ പറയുന്നത്. 2014 തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ പ്രചാരണ ചിലവ് 714 കോടി ആയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നല്‍കിയ ചെലവ് കണക്കില്‍ 1078 കോടി ചെലവാക്കിയത് പാര്‍ട്ടിയുടെ പൊതു പ്രചാരണത്തിനാണെന്നും, 186.5 കോടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും, 6.33 ലക്ഷം മാധ്യമങ്ങളിലെ പരസ്യ ചിലവും, 46 ലക്ഷം പ്രചാരണ സാമഗ്രികള്‍ക്കും, 9.91 കോടി പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ചതിനും, 2.52 കോടി മറ്റ് ചെലവുകളും വന്നു എന്നാണ് പറയുന്നത്.
അതേ സമയം രേഖകള്‍ പ്രകാരം കോണ്‍ഗ്രസിന്‍റെ പ്രചാരണ ചിലവും കൂടിയിട്ടുണ്ട് 2014ല്‍ 516 കോടി പ്രചാരണത്തിന് ചിലവായ കോണ്‍ഗ്രസിന് 2019 ല്‍ എത്തുമ്പോള്‍ അത് 820 കോടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam