സുരക്ഷ പ്രശ്‌നം: കാശ്‌മീരിൽ പ്രധാന പാതകളിൽ പൊതുജനത്തിന് പ്രവേശനം വിലക്കി

By Web TeamFirst Published Apr 5, 2019, 1:07 PM IST
Highlights

ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമെന്ന് മെഹബൂബ മുഫ്‌തി

ശ്രീനഗർ: സൈനികർക്കും അർദ്ധ സൈനികർക്കും ഭയമില്ലാതെ സഞ്ചരിക്കാൻ എല്ലാ ആഴ്ചയിലെയും രണ്ട് ദിവസം പകൽ സമയത്ത് കാശ്മീരിലെ പ്രധാന പാതയിൽ പൊതുജനത്തിന് സഞ്ചാരം വിലക്കി. ദേശീയപാതയിൽ ജമ്മുവിലെ ഉദ്ധംപുരിൽ നിന്ന് കാശ്മീരിലെ ബാരമുള്ള വരെയാണ് വിലക്ക്. മെയ് 31 വരെയുള്ള ആഴ്ചകളിലാണ് വിലക്ക്.

പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഫെബ്രുവരി 14 നാണ് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടകവസ്തുക്കൾ നിറച്ച കാർ പാഞ്ഞുവന്ന് ഇടിച്ച് സൈനികരെ കൊലപ്പെടുത്തിയത്. സംഭവം ഇന്ത്യാ പാക് വ്യോമസംഘർഷത്തിലേക്ക് വരെ കാര്യങ്ങളെ കൊണ്ടെത്തിച്ചു.

ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പ്രതികരിച്ചു. വിലക്കുള്ള ദിവസങ്ങളിൽ ആംബുലൻസ് അടക്കമുള്ള ഒരു വാഹനവും ഇതുവഴി കടത്തിവിടില്ല. സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂളിലേക്കും തൊഴിലാളികൾക്ക് ജോലി സ്ഥലത്തേക്കും പോകാനാവില്ലെന്ന സ്ഥിതിയായി.

click me!