
ദില്ലി: ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ദില്ലിയിൽ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. അരുണാചൽ പ്രദേശും അക്സായി ചിനും ചൈനീസ് പ്രദേശങ്ങൾ ആണെന്ന് വ്യക്തമാക്കുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയത്.
ബ്രിക്സ് ഉച്ചകോടിക്കിടെ നടത്തിയ ഹസ്തദാനവും ഹ്രസ്വ ചർച്ചയും നരേന്ദ്ര മോദിക്കും ഷി ജിൻപിങിനും ഇടയിൽ മഞ്ഞുരുകുന്നു എന്ന സൂചനകളാണെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്. എന്നാൽ അതിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം. അരുണാചൽ പ്രദേശാകെ ചൈനയുടെ ഭാഗമെന്ന് കാട്ടുന്ന ഭൂപടം ആണ് ചൈന പുറത്തിറക്കിയത്. അക്സായി ചിൻ മേഖലയും ചൈനയുടെ പ്രദേശമാണെന്ന് ഭൂപടം അവകാശപ്പെടുന്നു.
തായ്വാനും ചൈനീസ് പ്രദേശമാണെന്ന് വ്യക്തമാക്കുന്ന ഭൂപടം വിവിധ രാജ്യങ്ങളുടെ അതിർത്തികളിൽ ചൈനയുടെ കടന്നുകയറ്റ നീക്കത്തിന്റെ തുടർച്ചയാണിത്. ജി20 ഉച്ചകോടിക്കായി ഷി ജിൻപിങ് ദില്ലിയിലെത്തും എന്ന് ചൈന കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. നരേന്ദ്ര മോദിക്കും ചൈനീസ് പ്രസിഡൻറിനും ഇടയിൽ ചർച്ചയുണ്ടാവുമെന്നും സൂചനയുണ്ട്. എന്നാൽ അതിർത്തി തർക്കത്തിൽ ഒത്തുതീർപ്പിന് തയ്യാറല്ലെന്നാണ് ഉച്ചകോടിക്കു മുമ്പ് ഭൂപടം ഇറക്കി ചൈന നല്കുന്ന സന്ദേശം. അരുണാചലിലെ ജില്ലകളുടെ പേര് മാറ്റി പ്രഖ്യാപിച്ച ചൈനീസ് നീക്കത്തെ ഇന്ത്യ നേരത്തെ ചോദ്യം ചെയ്തിരുന്നു. അതിർത്തിയിൽ പിൻമാറ്റത്തിന് തയ്യാറാവാത്ത ചൈനീസ് പ്രസിഡൻറിനെ ദില്ലിയിൽ സ്വീകരിക്കേണ്ടതുണ്ടോ എന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു.
റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ വരില്ല എന്ന് അറിയിച്ചതോടെ യുക്രെയിൻ സംഘർഷം തീർക്കാനുള്ള നീക്കങ്ങൾ ജി20യിൽ നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ത്യ ചൈന തർക്കത്തിന് ലോക നേതാക്കളുടെ കൂട്ടായ്മയ്ക്കിടെ പരിഹാരം കണ്ടെത്താനുള്ള നീക്കങ്ങളും ചൈനയുടെ ഈ നീക്കത്തോടെ പൊളിയുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam