മുപ്പത് മണിക്കൂർ ചോദ്യം ചെയ്യൽ: വിജയ്‍യുടെ വീട്ടിൽ നിന്ന് മടങ്ങി ആദായനികുതി വകുപ്പ്

By Web TeamFirst Published Feb 6, 2020, 9:10 PM IST
Highlights

സ്വത്ത് വിവരങ്ങളിൽ ക്രമക്കേടുണ്ടെന്ന് സംശയിക്കുന്ന ചില രേഖകൾ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈ രേഖകൾ വിശദമായി വിലയിരുത്തിയ ശേഷമാകും ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകളുണ്ടെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകുക.  

ചെന്നൈ: നടന്‍ വിജയ്‍യെ ആദായനികുതി വകുപ്പ് അധികൃതര്‍ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചു. 30 മണിക്കൂർ പിന്നിട്ട ചോദ്യം ചെയ്യലിന് ശേഷമാണ്  ആദായ നികുതി വകുപ്പ്  ഉദ്യാഗസ്ഥർ വിജയ്‍യുടെ വീട്ടില്‍ നിന്നും മടങ്ങുന്നത്. സ്വത്ത് വിവരങ്ങളിൽ ക്രമക്കേടുണ്ടെന്ന് സംശയിക്കുന്ന ചില രേഖകൾ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈ രേഖകൾ വിശദമായി വിലയിരുത്തിയ ശേഷമാകും ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകളുണ്ടെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകുക. ചോദ്യംചെയ്യല്‍ അവസാനിച്ചെങ്കിലും  ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന് വിജയ് വ്യക്തമാക്കി. മാധ്യമങ്ങളെ കാണില്ലെന്നും താരം അറിയിച്ചു. 

വിജയ്ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്തിരുന്നു. വിജയിന്‍റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുണ്ടായിരുന്നതെന്നാണ് വിവരം. 

നടൻ വിജയിന്‍റെ ഭാര്യയെ ചോദ്യം ചെയ്യുന്നു: ഭൂമിയിടപാടുകൾ പരിശോധിക്കുന്നു

നടൻ വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ്  നേരത്തെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതേസമയം, 'ബിഗിൽ' എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അൻപുച്ചെഴിയന്‍റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്‍ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്‍റെ വിശദീകരണം.

വിജയിന്‍റെ വീട്ടിൽ അനധികൃത പണം കണ്ടെത്തിയില്ല, പരിശോധിക്കുന്നത് പ്രതിഫലവും നിക്ഷേപവും

അൻപുച്ചെഴിയന്‍റെ എജിഎസ് ഗ്രൂപ്പ് ഓഫ് എന്‍റർടെയിൻമെന്‍റിന്‍റെയും എജിഎസ് ഗ്രൂപ്പിന്‍റെ മറ്റ് ഓഫീസുകളിലും നടത്തിയ റെയ്‍ഡിലൂടെ 300 കോടിയിലധികം രൂപയുടെ അനധികൃത രേഖകളും ചെക്കുകളും പ്രോമിസറി നോട്ടുകളും സ്വത്ത് രേഖകളും കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പിന്‍റെ വാർത്താക്കുറിപ്പിലുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് വിജയ്‍യുടെ വീട്ടിൽ റെയ്‍ഡ് നടന്നതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. വിജയ് ആരാധകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ചെന്നൈയില്‍ സുരക്ഷാക്രമീകരണം വര്‍ധിപ്പിച്ചിരിക്കുകയാണ്. അതേസമയം നടികര്‍ സംഘം സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്നലെ വൈകിട്ട് മുതല്‍ ആദായ നികുതി വകുപ്പ് നടത്തിയത് തമിഴ് സിനിമയിലെ സസ്‍പെൻസ് ത്രില്ലറിനെ വെല്ലുന്ന നീക്കങ്ങളാണ്. കടലൂരിനടുത്തുള്ള നെയ്‍വേലി ലിഗ്‍നൈറ്റ് കോർപ്പറേഷനിലെ 'മാസ്റ്റേഴ്സ്' എന്ന ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തി ആദായനികുതി വകുപ്പ് വിജയ്‍ക്ക് സമന്‍സ് കൈമാറി. തുടർന്ന് ആദ്യഘട്ട ചോദ്യം ചെയ്യല്‍. ഷൂട്ടിങ്ങ് നിര്‍ത്തിവച്ചതിന് പിന്നാലെ നടനെ കാറില്‍ കയറ്റി  മണിക്കൂറോളം യാത്ര ചെയ്ത് ചെന്നൈയിലേക്കെത്തിച്ചു. പിന്നീട് വസതിയിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യല്‍. 

click me!