ദില്ലി: ശബരിമല വിശാല ബെഞ്ചിന് നിയമസാധുതയില്ലെന്ന മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്‍റെ വാദത്തെ സുപ്രീംകോടതിയിൽ പിന്തുണച്ച് കേരളവും. കേസിൽ തിങ്കാഴ്ച സുപ്രീംകോടതി വിധി പറയും. വിശാല ബെഞ്ച് തുടരും എന്ന സൂചനയാണ് വാദത്തിനൊടുവിൽ ചീഫ് ജസ്റ്റിസ് നൽകിയത്.
പുനഃപരിശോധന ഹര്‍ജികൾ തീര്‍പ്പാക്കാതെ വിശാല ബെഞ്ച് രൂപീകരിക്കാനാകില്ല എന്നായിരുന്നു ഫാലി എസ് നരിമാന്‍റെ വാദം. വിശാല ബെഞ്ച് രൂപീകരിച്ച് വിധികളെ മറികടക്കാൻ ശ്രമിച്ചാൽ അത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കേരളവും വാദിച്ചു. ശബരിമല തീര്‍പ്പാക്കിയ കേസാണ്. വിശാല ബെഞ്ച് എന്ത് തീരുമാനം എടുത്താലും അത് പുനഃപരിശോധന ഹര്‍ജികൾക്ക് ബാധകമല്ലെന്നും കേരളം ചൂണ്ടിക്കാട്ടി.
ഇന്ദിരാജയ്സിംഗ്, രാജീവ് ധവാൻ, ശ്യാംദിവാൻ തുടങ്ങിയ അഭിഭാഷകരും വിശാല ബെഞ്ചിനെ എതിര്‍ത്തു. എന്നാൽ പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുമ്പോൾ വിദഗ്‍ധ ഉപദേശം ആവശ്യമെങ്കിൽ വിശാല ബെഞ്ച് രൂപീകരിക്കുന്നതിൽ എന്താണ് പിഴവെന്ന് മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ് വി ചോദിച്ചു.
കെ. പരാശരൻ, വി.ഗിരി, കേന്ദ്ര സര്‍ക്കാരിന് വേണ്ടി എഎസ്‍ജി തുഷാര്‍മേത്ത എന്നിവരും വിശാല ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് വാദിച്ചു. ശബരിമല കേസുമായി വിശാല ബെഞ്ചിന് യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ മറുപടി. വിശാല ബെഞ്ച് എടുക്കുന്ന തീരുമാനം ശബരിമല പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് സ്വീകരിക്കുകയോ, തള്ളുകയോ ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേസ് വിധി പറയാൻ മാറ്റിവെച്ചു. തിങ്കളാഴ്ച വിധി പറയുന്നതിനൊപ്പം വിശാല ബെഞ്ചിന് മുമ്പിലെ പരിഗണനാ വിഷയങ്ങൾ തീരുമാനിക്കുമെന്ന് കൂടി ചീഫ് ജസ്റ്റിസ് പറഞ്ഞത് തീരുമാനം എന്താവുമെന്ന് വ്യക്തമായി. ബുധനാഴ്ച മുതൽ വിശാലബഞ്ചിൽ വാദം തുടങ്ങും എന്ന സൂചനയും ചീഫ് ജസ്റ്റിസ് നല്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam