സായിബാബയുടെ ജന്മസ്ഥലം 'പത്രി'; ഉദ്ദവ് താക്കറെയുടെ പരാമർശത്തിൽ പ്രതിഷേധം, ഷിർദ്ദി അനിശ്ചിതകാലത്തേക്ക് അടച്ചിടും

By Web TeamFirst Published Jan 18, 2020, 2:52 PM IST
Highlights

പത്രിയുടെ വികസനത്തിനായി 100 കോടി ചെലവഴിക്കുമെന്ന് ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഷിർദ്ദി അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് സായിബാബ സൻസ്ഥാൻ ട്രസ്റ്റ് അംഗം ബി വഖൗരെ പറഞ്ഞു. 

മുംബൈ: സായിബാബ താമസിച്ചിരുന്ന ക്ഷേത്രനഗരമായ ഷിർദ്ദി ഞായറാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടും. പർഭാനി ജില്ലയിലെ പത്രിയാണ് സായിബാബയുടെ ജന്മസ്ഥലമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉ​ദ്ദവ് താക്കറെയുടെ പരാമർശത്തെത്തുടർന്നാണ് ക്ഷേത്രം അടച്ചിടാൻ സായിബാബ സമാധി ഭരണസമിതി തീരുമാനിച്ചത്. ജനുവരി 19 മുതൽ ഷിർദ്ദി അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് സായിബാബ സൻസ്ഥാൻ ട്രസ്റ്റ് അധികാരികൾ വ്യക്തമാക്കി.

പത്രിയുടെ വികസനത്തിനായി 100 കോടി ചെലവഴിക്കുമെന്ന് ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഷിർദ്ദി അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് സായിബാബ സൻസ്ഥാൻ ട്രസ്റ്റ് അംഗം ബി വഖൗരെ പറഞ്ഞു. താക്കറെയുടെ പ്രസ്താവന ചർച്ച ചെയ്യുന്നതിന് ​ഗ്രാമീണരുടെ യോ​ഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഷിർദ്ദി സന്ദർശിക്കാൻ വരുന്ന തീർത്ഥാടകർക്ക് ബുദ്ധിമുട്ടാവാത്ത തരത്തിലായിരിക്കും നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.

പത്രിയാണ് സായിബാബയുടെ ജന്മസ്ഥലമെന്ന താക്കറെയുടെ പ്രഖ്യാപനത്തിൽ നാട്ടുകാർ അസ്വസ്ഥരാണ്. സായിബാബയുടെ ജന്മസ്ഥലം ഏതാണെന്ന് തെളിയിക്കുന്നതിനാവശ്യമായ രേഖകളൊന്നും ലഭ്യമല്ല. ഷിർദ്ദിയിൽ താമസിക്കുന്ന കാലത്ത് ജന്മസ്ഥലവുമായോ മതവുമായോ ബന്ധപ്പെട്ടുള്ള വിവരങ്ങളൊന്നും തന്നെ ബാബ വെളിപ്പെടുത്തിയിട്ടില്ലെന്ന് സായിബാബ സൻസ്ഥാൻ ട്രസ്റ്റിന്റെ മുൻ ട്രസ്റ്റി കൈലാസ്ബാപ്പു കോട്ടെ പറഞ്ഞു.

സായിബാബയുടെ ജന്മസ്ഥലവുമായുള്ള തർക്കത്തിൽ ഉദ്ദവ് താക്കറെ തന്റെ നിലപാട് വ്യക്തമാക്കുന്നതുവരെ സമാധാനപരമായി പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ അറിയിച്ചു. അതേസമയം, ഷിർദി ക്ഷേത്രം, സായി പ്രസാദാലയ, സായ് ഹോസ്പിറ്റൽ, സായ് ഭക്തനിവാസ്, പ്രാദേശിക മെഡിക്കൽ ഷോപ്പുകൾ എന്നിവയെ പ്രതിഷേധത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.   
 

click me!