നല്ല ജീവിതം കെട്ടിപ്പടുക്കണമെന്ന ആഗ്രഹത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ വാഹനമാണ് നടുറോഡിൽ കത്തിയമർന്നത്. ഇ-റിക്ഷയ്ക്ക് മുകളിൽ പെട്രോൾ ഒഴിച്ച ശേഷം യുവതി തീ കൊളുത്തുകയായിരുന്നു
ഭോപ്പാൽ: മാസങ്ങളോളം ഷോറൂമിൽ കയറിയിറങ്ങിയിട്ടും തകരാറിലായ ഇ-റിക്ഷ നന്നാക്കി നൽകാതിരുന്നതോടെ നടുറോഡിൽ വാഹനത്തിന് തീയിട്ട് യുവതി. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. ഗുഡിയ മൗർ എന്ന യുവതിയാണ് ഉപജീവനമാർഗമായിരുന്ന വാഹനത്തിന് തീകൊളുത്തിയത്. നല്ല ജീവിതം കെട്ടിപ്പടുക്കണമെന്ന ആഗ്രഹത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ വാഹനമാണ് നടുറോഡിൽ കത്തിയമർന്നത്. ഇ-റിക്ഷയ്ക്ക് മുകളിൽ പെട്രോൾ ഒഴിച്ച ശേഷം യുവതി തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തിരക്കേറിയ മാർക്കറ്റിൽ വാഹനത്തിൽ തീ ആളിപ്പടർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു.
സംഭവത്തെക്കുറിച്ച് ഗുഡിയ പറയുന്നത് ഇങ്ങനെ- ഏതാണ്ട് ആറ് മാസം മുമ്പാണ് ഗുഡിയയും ഭർത്താവ് നാരായണനും ചേർന്ന് 2.5 ലക്ഷം രൂപ ലോണെടുത്ത് ഇ-റിക്ഷ വാങ്ങിയത്. മൂന്ന് കുട്ടികളടങ്ങുന്ന കുടുംബം പുലർത്താൻ കൂലിപ്പണിയിൽ നിന്നുള്ള തുച്ഛമായ വരുമാനം തികയാതെ വന്നതോടെയാണ് ദമ്പതികൾ ഈ സാഹസത്തിന് മുതിർന്നത്. എന്നാൽ വാങ്ങി രണ്ട് മാസം തികയും മുമ്പേ വണ്ടി പണിമുടക്കി.
"കഴിഞ്ഞ നാല് മാസമായി ഞാൻ ഷോറൂമിൽ കയറിയിറങ്ങുകയാണ്. വണ്ടി നന്നാക്കി തരാൻ ഞാൻ അവരോട് അപേക്ഷിച്ചു. എന്നാൽ അവർ എന്നെ ആട്ടിപ്പായിക്കുകയായിരുന്നു"- ഗുഡിയ ആരോപിച്ചു. വണ്ടി ഓടാതായതോടെ വീണ്ടും കൂലിപ്പണിക്ക് പോകേണ്ടി വന്ന ഗുഡിയയ്ക്ക് ലോൺ തിരിച്ചടവ് വലിയ ബാധ്യതയായി മാറി. ഒടുവിൽ വണ്ടി നന്നാക്കാൻ കഴിയില്ലെന്ന് ഏജൻസി തീർത്തു പറഞ്ഞതോടെയാണ് ഈ കടുംകൈ ചെയ്തതെന്നും യുവതി പറഞ്ഞു.
എന്നാൽ ഷോറൂം ഈ ആരോപണങ്ങൾ നിഷേധിച്ചു. ഇ-റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ചതാണെന്നും അല്ലാതെ റിക്ഷയ്ക്ക് പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും ഷോറൂം ഇൻചാർജ് ശുഭം ശർമ്മ പറഞ്ഞു. പൊട്ടിത്തെറിച്ച ബാറ്ററികൾ മാറ്റി നൽകാൻ കമ്പനിക്ക് വ്യവസ്ഥയില്ല. പുതിയ ബാറ്ററി സ്വന്തം ചെലവിൽ വാങ്ങാൻ യുവതിയോട് നിർദ്ദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി തീ അണച്ചു. ഗുഡിയയുടെയും ഷോറൂം അധികൃതരുടെയും മൊഴി രേഖപ്പെടുത്തി. പുതിയ വാഹനം നൽകുകയോ അല്ലെങ്കിൽ താൻ ഇതുവരെ അടച്ച തുക മുഴുവനായി തിരികെ നൽകുകയോ ചെയ്യണമെന്നാണ് ഗുഡിയയുടെ ആവശ്യം.


