
കൊൽക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനാപരമായ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. കൊൽക്കത്തയിൽ ആർ.എസ്.എസിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മാതൃഭൂമിയായി കരുതുന്നവരും ഇന്ത്യൻ സംസ്കാരത്തെ വിലമതിക്കുന്നവരും ഹിന്ദുസ്ഥാനിലെ പൂർവ്വികരുടെ മഹിമയിൽ വിശ്വസിക്കുന്നവരും ഉള്ളിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥ ഹിന്ദുത്വത്തിന്റെ ലക്ഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'സൂര്യൻ കിഴക്കാണ് ഉദിക്കുന്നത്, അത് എന്നുമുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. അതിന് ഭരണഘടനാപരമായ അംഗീകാരം ആവശ്യമുണ്ടോ? അതുപോലെ തന്നെയാണ് ഹിന്ദുസ്ഥാനും. ഇതൊരു ഹിന്ദു രാഷ്ട്രമാണ്. പാർലമെന്റ് എപ്പോഴെങ്കിലും ഭരണഘടന ഭേദഗതി ചെയ്ത് 'ഹിന്ദു രാഷ്ട്രം' എന്ന വാക്ക് ചേർക്കാൻ തീരുമാനിച്ചാലും ഇല്ലെങ്കിലും ആർഎസ്എസിന് അതിൽ ആശങ്കയില്ല. കാരണം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നത് നിലനിൽക്കുന്ന യാഥാർത്ഥ്യമാണ്.'
‘ആർഎസ്എസ് മുസ്ലിം വിരുദ്ധമാണെന്ന തെറ്റായ ധാരണ മാറ്റാൻ ആളുകൾ സംഘടനയുടെ ഓഫീസുകളും ശാഖകളും സന്ദർശിക്കണം. ആർഎസ്എസിൻ്റെ പ്രവർത്തനങ്ങൾ സുതാര്യമാണ്. ഹിന്ദുക്കളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടന മുസ്ലിം വിരുദ്ധമല്ലെന്ന് പലരും ഇപ്പോൾ അംഗീകരിക്കുന്നുണ്ട്. ആർഎസ്എസ് കടുത്ത ദേശീയവാദികളാണ്’. ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്, അധികാരത്തിന് വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1976-ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് മതേതരം, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തതെന്ന ചരിത്രപരമായ പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ടാണ് മോഹൻ ഭാഗവത് സംസാരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam