
കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ 'ഇന്ത്യ' സഖ്യത്തെ ഞെട്ടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനം. പ്രധാനമായും കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചുള്ള ഭീഷണിയാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ ഇന്ന് നടത്തിയത്. പശ്ചിമ ബംഗാളില്‍ വേണ്ടി വന്നാല്‍ എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. ടി എം സി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് മമത പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് ബംഗാളില്‍ ടി എം സിയുമായി സഹകരണത്തിന് ഇനിയും തയ്യാറാകാത്ത സാഹചര്യത്തിലാണ് മമതയുടെ പരാമർശം. നിലവില്‍ അധിർ രഞ്ജൻ ചൗധരിയുടേത് ഉള്‍പ്പെടെയുള്ള രണ്ട് ലോക്സഭ സീറ്റുകള്‍ കോണ്‍ഗ്രസിന്‍റെതാണ്.
അതിനിടെ ദില്ലിയിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ ശക്തമായി എതിർപ്പ് അറിയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി എന്നതാണ്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ പാര്‍ട്ടി നിലപാട് വ്യക്തമാക്കി ഉന്നതതല സമിതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. നീക്കം ഭരണഘടനയേയും പാർലമെൻററി ജനാധിപത്യത്തെയും അട്ടിമറിക്കുന്നതാണെന്നും പാര്‍ലമെന്‍ററി സംവിധാനമുള്ള രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പിന് അടിസ്ഥാനമില്ലെന്നുമാണ് കോണ്‍ഗ്രസിന്‍റെ കുറ്റപ്പെടുത്തൽ. അടിയന്തര സാഹചര്യത്തില്‍ അല്ലാതെ സർക്കാരുകളെ പിരിച്ചുവിടാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും ഈ നീക്കം ഉപേക്ഷിക്കണമെന്നും ഉന്നതതല സമതിയെ തന്നെ പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ കുറിച്ച് പൊതുജനാഭിപ്രായം രാംനാഥ് കോവിന്ദ് സമിതി തേടിയിരുന്നു. ഈ മാസം 15വരെയായിരുന്നു പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങൾ അറിയിക്കാനുള്ള സമയം. തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കുമ്പോള്‍ ഏതെല്ലാം വിധത്തിലുള്ള മാറ്റങ്ങൾ വരുത്തണം എന്നതിലാണ് നിര്‍ദ്ദേശം നൽകാന്‍ സമിതി ആവശ്യപ്പെട്ടത്. പ്രതിപക്ഷം എതിര്‍ക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കമെന്നതിന്‍റെ സൂചനയായി നടപടി വിലയിരുത്തപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പു വരെ ഒരുമിച്ച് നടത്താനാണ് നിലവിലെ ആലോചന.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം