
ദില്ലി: തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം. പോളിങ് ശതമാനം കൃത്യമായ നല്‍കിയില്ലെന്ന് ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചു. വിഷയത്തില്‍ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിട്ടുണ്ട്.
മൂന്നാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി നല്‍കാത്തതിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം. ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് അന്തിമ പോളിങ് കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയത്.
രണ്ടാംഘട്ടം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മാത്രവും പോളിങ് കണക്കുകള്‍ നല്‍കി. ഇത് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്നാണ് കോണ്‍ഗ്രസ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വൈകി വിവരങ്ങള്‍ കൈമാറുന്നതെന്നും ഖർഗെ കുറ്റപ്പെടുത്തി.
വിഷയത്തില്‍ ഇന്ത്യ സഖ്യത്തിലുള്ള പാര്‍ട്ടികള്‍ക്ക് കത്ത് എഴുതിയ കോണ്‍ഗ്രസ് അധ്യക്ഷൻ, വിഷയത്തില്‍ കൂട്ടായ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടു. 2019നെ അപേക്ഷിച്ച് ആദ്യഘട്ടത്തില്‍ പോളിങ് - നാല് ശതമാനം കുറവായിരുന്നു. രണ്ടാം ഘട്ടത്തില്‍ മൂന്ന് ശതമാനവും കുറഞ്ഞു. ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഏഴ് മണിക്ക് വോട്ടിങ് പൂര്‍ത്തിയായപ്പോള്‍ അഞ്ചര ശതമാനം പോളിങ്ങില്‍ കൂടിയത് എങ്ങനെയെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
മുന്‍ തെരഞ്ഞെടുപ്പുകളിലേത് പോലെ ഈ തെരഞ്ഞെടുപ്പിലും മണ്ഡലങ്ങളിലെ കണക്കുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരിക്കുന്നത്. മണ്ഡലങ്ങളില്‍ എത്ര പേർ വോട്ട് ചെയ്തുവെന്ന വിവരമില്ലെന്നും എന്തുകൊണ്ട് കണക്കുകള്‍ വൈകുന്നുവെന്നതിന് വിശദീകരണം നല്‍കണമെന്നും ടിഎംസി ആവശ്യപ്പെട്ടു. വിഷയത്തില്‍ കമ്മീഷനെ വിമർശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam