
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നും കടുപ്പിച്ച് പ്രതിപക്ഷം. പ്രതിഷേധത്തിന്‍റെ ഭാഗമായി ഗാന്ധി സമാധിയിലെത്തി ഇന്ത്യാ സഖ്യം എം പിമാർ പ്രാർത്ഥന നടത്തി. കൊണാട്ട് പ്ലേസിലെ മോട്സ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മൂന്ന് ബസുകളിലായാണ് എം പിമാർ രാജ്ഘട്ടിലേക്ക് നീങ്ങിയത്. നൂറുകണക്കിന് പ്രവർത്തകർ ഇന്നും എം പിമാരുടെ പ്രതിഷേധത്തിൽ പങ്കുചേർന്നു. രാജ്യദ്രോഹം നടത്തിയ എല്ലാവർക്കും എതിരെ നടപടി ഉറപ്പാക്കും വരെ പ്രതിഷേധം തുടരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
തുടർച്ചയായ മൂന്നാം ദിനവും ഇന്ത്യാ സഖ്യം എംപിമാരുടെ യോജിച്ച നീക്കത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. ഇന്നലത്തെ പോലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എം പിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. കൊണാട്ട് പ്ലേസിലെ ഇന്നർ സർക്കിളിലുള്ള മോഡ്സ് ഹോട്ടലിൽ ആയിരുന്നു ഉച്ചഭക്ഷണം. അഭിഷേക് ബാനർജി അടക്കമുള്ള എം പിമാർ ഉച്ചഭക്ഷണത്തിനെത്തി. ഇന്നലെ വിട്ടു നിന്ന സമാജ് വാദി പാർട്ടിയും ഇന്നത്തെ പ്രതിഷേധത്തിൽ പങ്കുചേർന്നു. നൂറുകണക്കിന് പ്രവർത്തകർ കൊണാട്ട് പ്ലേസിലേക്ക് എത്തിച്ചേർന്നതോടെ ദില്ലി പോലീസും അർദ്ധസൈനികരും ഹോട്ടലിന് ചുറ്റും സുരക്ഷാവലയം തീർത്തു. മൂന്ന് മണിയോടെ മൂന്ന് ബസ്സുകളിലായി എം പിമാർ കൊണാട്ട് പ്ലേസിൽ നിന്ന് രാജ്ഘട്ടിലേക്ക് തിരിച്ചു. രാജ്ഘട്ടിൽ പ്രവേശനം അനുവദിക്കാൻ ആവില്ല എന്നാണ് പോലീസ് ആദ്യം അറിയിച്ചത്. എന്നാൽ സമാധാനപരമായി പ്രാർത്ഥന നടത്തും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ എം പിമാരെ പോലീസ് തടഞ്ഞില്ല. പോലീസ് അനുവാദം നൽകിയില്ലെങ്കിൽ ബസ്സുകളിൽ തന്നെ ഇരുന്ന് പ്രതിഷേധിക്കാനായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ ആലോചന. മിന്റോ റോഡ് വഴി രണ്ട് മണിക്കൂർ എടുത്ത് എം പിമാരുടെ ബസുകൾ രാജ്ഘട്ടിൽ എത്തി. എം പിമാരെ അഞ്ചരയോടെ അകത്തേക്ക് പോകാൻ പോലീസ് അനുവദിച്ചു. മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ എം പിമാർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിനേ് ശേഷം ഗാന്ധി സമാധിക്ക് അടുത്തിരുന്ന് കുറച്ചുനേരം പ്രാർത്ഥിച്ചു. രാജ്ഘട്ടിൽ സന്ദർശക സമയം അവസാനിക്കുന്ന ആറ് മണിക്ക് തൊട്ടുമുമ്പ് നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനകത്തേക്ക് നീങ്ങി എം പിമാരോട് മടങ്ങാൻ നിർദ്ദേശിച്ചു. നേതാക്കൾക്കൊപ്പമുള്ള പ്രവർത്തകർ സമാധിയിലേക്ക് പോകുന്നത് സുരക്ഷാ സേന തടഞ്ഞു. ആറുമണിയോടെ എം പിമാർ രാജ്ഘട്ടിൽ നിന്ന് മടങ്ങാൻ തയ്യാറായത് പോലീസിന് ആശ്വാസമായി. കഴിഞ്ഞ രണ്ട് ദിവസവും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ബലംപ്രയോഗിച്ചാണ് പൊലീസ് നീക്കിയത്. വരും ദിവസങ്ങളിലും ഈ സമരം തുടരുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
എം പിമാർ ഒത്തുകൂടിയ ഹോട്ടലിന് മുന്നിൽ വന്ന് നരേന്ദ്ര മോദിയെ അനുകൂലിച്ചും കോൺഗ്രസിനെ എതിർത്തും ബഹളം വെച്ച ഒരാളെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. ഒരു കശ്മീരി മുസ്ലിം യുവാവിനെയാണ് കോൺഗ്രസ് നേതാക്കൾ മർദ്ദിച്ചതെന്ന് ബി ജെ പി വക്തവ് സിദ്ധാർത്ഥ് യാദവ് ആരോപിച്ചു. കോൺഗ്രസിന്റെ സമരത്തിൽ പുറത്തുനിന്ന് എത്തിയവർ ഉൾപ്പെടെ പാർട്ടി പ്രവർത്തകർ മാത്രമാണുള്ളതെന്നും ബഹുജന പിന്തുണയില്ലെന്നും ബി ജെ പി ആരോപിച്ചു. മൂന്ന് ദിവസമായി എം പിമാർ ഒന്നടങ്കം നടത്തുന്ന നീക്കത്തിലൂടെ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ നേതൃത്വം ഇന്ത്യാ സഖ്യത്തിനാണെന്ന സന്ദേശം നൽകാൻ നേതാക്കൾക്കായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam