ലോക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ വീണ്ടും താഴേക്ക്, കാരണം പൗരന്മാരോടുള്ള വിവേചനമെന്ന് റിപ്പോർട്ട്

By Web TeamFirst Published Mar 7, 2020, 7:26 PM IST
Highlights

പട്ടികയില്‍ ഏറ്റവും ജനസംഖ്യയുള്ള 25 ജനാധിപത്യ രാജ്യങ്ങളില്‍ ഏറ്റവും വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത് ഇന്ത്യക്കാണ്. 

ദില്ലി: ലോക സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. രാജ്യാന്തര ഏജന്‍സിയായ ഫ്രീഡം ഹൗസിന്റെ ലോക സ്വാതന്ത്ര്യ സൂചികയിലാണ് ജനാധിപത്യ രാജ്യങ്ങളില്‍ ഏറ്റവും സ്വാതന്ത്ര്യം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തിയത്. രാജ്യാന്തര നിലവാരത്തില്‍ ജനാധിപത്യ രാജ്യങ്ങളെയും അവിടെ നടക്കുന്ന സംഭവങ്ങളേയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള സംഘടനയാണ് ഫ്രീഡം ഹൗസ്.

ടുണീഷ്യക്ക് മാത്രമാണ് ഈ സൂചികയില്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ  സ്കോറുള്ളത്. 2019ല്‍ 75 പോയിന്‍റ് ഉണ്ടായിരുന്നത് 2020ല്‍ 71ആയി കുറഞ്ഞിട്ടുണ്ട്. 2017ല്‍ ഇന്ത്യയുടെ പോയിന്‍റ്  77 ആയിരുന്നു. എതിര്‍പ്പുകളെ അടിച്ചമര്‍ത്തിയതും ഒരു വിഭാഗത്തിനെ ബാധിക്കുന്ന രീതിയില്‍ സ്വീകരിച്ച നിലപാടുകളും ജനാധിപത്യ വിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍, നെതര്‍ലന്‍ഡ്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍  ആദ്യ സ്ഥാനങ്ങളിലുള്ളത്. പട്ടികയില്‍ 
ഏറ്റവും ജനസംഖ്യയുള്ള 25 ജനാധിപത്യ രാജ്യങ്ങളില്‍ ഏറ്റവും വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത് ഇന്ത്യക്കാണ്. ഫ്രീഡം ഇന്‍ ദി വേള്‍ഡ് 2020 കാറ്റഗറി പ്രകാരം 85 ജനാധിപത്യ രാജ്യങ്ങളുടെ പട്ടികയില്‍ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ 83-ാം സ്ഥാനത്താണുള്ളത്. ഈ വിഭാഗത്തില്‍ തിമൂറും തുനീഷ്യയും മാത്രമാണ് ഇന്ത്യക്ക് പിന്നിലായുള്ളത്. ഹെയ്തി, നൈജീരിയ, സുഡാന്‍, തുണീഷ്യ, ഹോങ്കോങ്, ഉക്രൈന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

2019ല്‍ ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നടപടികളും ഫ്രീഡം ഹൗസിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ഏറ്റവും മോശം ജനാധിപത്യ രാജ്യങ്ങളിലൊന്നില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയ ഫ്രീഡം ഹൗസ് മോദി സര്‍ക്കാരിന്‍റെ അജന്‍ഡകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അസമില്‍ എന്‍ആര്‍സി നടപ്പിലാക്കിയതും പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ കാര്യവും ഫ്രീഡം ഹൗസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ പദവി ഇടിയാനുള്ള കാരണമായി വിശദമാക്കുന്നു.

click me!