
ദില്ലി: ഇന്ത്യയില്‍ മൂന്ന് പേര്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 34 ആയി. ഇറാനിൽ നിന്നു മടങ്ങി എത്തിയ ലഡാക് സ്വദേശികൾക്കും ഒമാനിൽ നിന്ന് എത്തിയ തമിഴ് നാട് സ്വദേശിക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആരോഗ്യ, വിദേശ കാര്യ മന്ത്രിമാരുള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയായി. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ശന നിരീക്ഷണം തുടരും. മാസ്കും സാനിറ്റൈസേഴ്സും പൂഴ്ത്തിവെക്കുന്നവര്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ വീഡിയോ കോൺഫറൻസിംഗ് വഴി വിലയിരുത്തി.
കരസേന 1500 പേര്‍ക്കുള്ള കരുതല്‍ കേന്ദ്രങ്ങള്‍ തുറന്നു. സൈനികരും സൈനിക കേന്ദ്രങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണം. സേനാ കേന്ദ്രങ്ങളിലെ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദില്ലി സര്‍ക്കാരിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് ഒരു മാസത്തേക്ക് ഒഴിവാക്കി. അടിയന്തര മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദ്ദേശം നല്‍കി.
അതേസമയം, ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19 മരണങ്ങൾ കൂടുകയാണ്. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേരാണ് കൊവിഡ് രോഗബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിൽ ഒരാഴ്ചയ്ക്കിടെ 4600 പേർക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ചൈനയ്ക്ക് പുറത്ത് എറ്റവുമധികം കൊവിഡ് 19 മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി. ചൈനയിൽ മാത്രം 3015 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Read Also: യുഎഇയില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് കൂടി കൊറോണ; രണ്ട് പേര്‍ സുഖം പ്രാപിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam