വെടിനിർത്തൽ ശരിവച്ച് ഇന്ത്യ; 'പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു, മൂന്നാം കക്ഷിയില്ല, തുടർ ചർച്ചയുമില്ല'

Published : May 10, 2025, 06:00 PM ISTUpdated : May 10, 2025, 06:22 PM IST
വെടിനിർത്തൽ ശരിവച്ച് ഇന്ത്യ; 'പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു, മൂന്നാം കക്ഷിയില്ല, തുടർ ചർച്ചയുമില്ല'

Synopsis

അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് ഇന്ത്യ

ദില്ലി: അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ. ഒരു മൂന്നാം കക്ഷിയും വെടിനിർത്തലിനായി ഇടപെട്ടില്ല. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയത്. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. 

ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയിൽ തുടർ ചർച്ചയെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടർ ചർച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ന് ഉച്ച തിരിഞ്ഞ് 3.35-നാണ് പാക് ഡിജിഎംഒ ഇങ്ങോട്ട് വിളിച്ചത്. അതനുസരിച്ചാണ് വെടിനിർത്തൽ ധാരണയായത്. 12-ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തിൽ ചർച്ച നടക്കും. ഇതോടെ വെടിനിർത്തൽ കരാർ പ്രാവർത്തികമായെന്നും കര, വ്യോമ, കടൽ മാർഗങ്ങളിൽ വെടിനിർത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു. പക്ഷെ ആറ് മണിക്ക് വിളിച്ച വാർത്താ സമ്മേളനം ഒരു മിനിറ്റിൽ താഴെ മാത്രമാണ് നീണ്ടത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വിക്രം മിസ്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചു.

വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ടു. 7 ലോക് കല്യാൺ മാർഗിൽ വെച്ചാണ് കണ്ടത്. ഭീകരവാദത്തിനെതിരായ ശക്തമായ നിലപാട് തുടരുമെന്ന് എക്‌സിൽ കുറിച്ച എസ്‌ ജയ്‌ശങ്കർ, ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തിയാണ് തീരുമാനത്തിലെത്തിയത് എന്ന് വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

ഇടപെടാൻ വൈകിയതെന്തുകൊണ്ട്? ഇൻഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി
മൂത്രത്തിൽ കല്ലുമായി വന്ന യുവതി, 25,000 രൂപയുടെ ശസ്ത്രക്രിയ; യുട്യൂബ് നോക്കി ഓപ്പറേറ്റ് ചെയ്ത് ക്ലിനിക്ക് ഉടമയും മരുമകനും, ദാരുണാന്ത്യം