
ദില്ലി : ഇന്ത്യാ-പാക് സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നമെന്ന് ഇന്ത്യൻ റെയിൽവേ. ഇന്ന്, അമൃത്സറിൽ നിന്ന് ഛപ്രയിലേക്കും, ചണ്ഡീഗഢിൽ നിന്ന് ലഖ്‌നൗവിലേക്കും, ഫിറോസ്പൂരിൽ നിന്ന് പട്‌നയിലേക്കും, ഉദംപൂരിൽ നിന്ന് ദില്ലിയിലേക്കും, ജമ്മുവിൽ നിന്ന് ദില്ലിയിലേക്കും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.
ഇന്നലെ ജമ്മു, ഉദംപൂർ, ഫിറോസ്പൂർ എന്നിവിടങ്ങളിൽ നിന്ന് ആറ് ട്രെയിനുകൾ സർവീസ് നടത്തി. നിലവിലെ സംഘർഷ സാഹചര്യത്തിൽ പകൽ സമയത്ത് തന്നെ പരമാവധി ട്രെയിൻ സർവീസുകൾ നടത്തും. സർക്കാരുകളുമായി ഏകോപിപ്പിച്ച് രാത്രിയിലും സർവീസ് നടത്തുമെന്നും റെയിൽവേ ബോർഡിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
മലയാളികളെ നാട്ടിലെത്തിക്കാൻ ഇടപെടണം
അതേ സമയം,അതിർത്തി സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കാനും നാട്ടിലേക്കുള്ള യാത്രയ്ക്കുമുള്ള സൗകര്യങ്ങൾ ചെയ്യണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂർ : എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി
ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി.
ജമ്മു , രാജസ്ഥാൻ , പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര - സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായി എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തിയത്. .
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലർച്ചയുമായി നാട്ടിലേക്ക് തിരിക്കും.
സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam