
ലക്നൗ: പശുവും ഗംഗയും ഗീതയുമാണ് ഇന്ത്യയുടെ സ്വത്വമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി. ഇന്ത്യയെ വിശ്വഗുരുവാക്കിയത് ഈ മൂന്ന് കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പശു കശാപ്പ് അവസാനിപ്പിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നും ലക്ഷ്മി നാരായണ്‍ ആരോപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
നമ്മുടെ രാജ്യത്ത് എരുമകള്‍ ഇല്ലാതിരുന്നപ്പോള്‍ പശു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയുടെ മുലപ്പാല്‍ കഴിഞ്ഞാല്‍, നവജാത ശിശുക്കള്‍ക്ക് ഏറ്റവും ഉത്തമം ഇന്ത്യന്‍ പശുവിന്‍റെ പാലാണെന്ന് ഡോക്ടര്‍മാര്‍ അടക്കം പറഞ്ഞിട്ടുണ്ടെന്നും യുപിയിലെ ക്ഷീരവികസനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായ ലക്ഷ്മി നാരായണ്‍ പറഞ്ഞു.
പശുക്കളെ സംരക്ഷിക്കാനും കശാപ്പ് അവസാനിപ്പിക്കാനുമാണ് ഉത്തര്‍പ്രദേശ് മന്ത്രിസഭ പശു കശാപ്പ് തടയൽ ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് പശുക്കളെ വ്യാപകമായി കശാപ്പ് ചെയ്തിരുന്നു. എന്നാല്‍, ഈ കുറ്റകൃത്യം തടയാന്‍ ഒന്നും ചെയ്തില്ല. മുന്‍പ് ഈ കുറ്റകൃത്യം ചെയ്താല്‍ ജാമ്യം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പുതിയ ഓര്‍ഡിനന്‍സ് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും ലക്ഷ്മി നാരായണ്‍ പറഞ്ഞു.
ഇത് പശു സംരക്ഷണത്തിനും വിശ്വാസങ്ങള്‍ക്കും ആരോഗ്യത്തിനും വേണ്ടിയാണ്. മുന്‍പ് ഒരു ട്രക്കില്‍ 30 പശുക്കളെ കൂട്ടിയിട്ട് കൊണ്ട് പോകുന്നത് കണ്ടു. രക്ഷിച്ചപ്പോഴേക്കും അന്ന് മൂന്ന് പശുക്കള്‍ ചത്തിരുന്നു. പശു കശാപ്പ് ഗുരുതരമായ കുറ്റമാണ്. ഈ ഓര്‍ഡിനന്‍സ് വരുന്നതോടെ പശു കശാപ്പിന് അവസാനമാകും. ജൂണ്‍ ഒമ്പതിനാണ് പശു കശാപ്പ് തടയൽ ഓര്‍ഡിനന്‍സിന്‍റെ കരടിന് യുപി മന്ത്രിസഭ അംഗീകാരം നല്‍കിയത്. പത്തു വര്‍ഷം തടവു ശിക്ഷയും അഞ്ച് ലക്ഷം വരെ പിഴയും ഈടാക്കുന്നതാണ് ഏറ്റവും വലിയ ശിക്ഷയായി ഓര്‍ഡിനന്‍സില്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam