കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാൻ ഇന്ത്യ, വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും

Published : Sep 21, 2023, 07:06 AM ISTUpdated : Sep 21, 2023, 12:17 PM IST
 കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാൻ ഇന്ത്യ, വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും

Synopsis

ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും ഇതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് കാണുന്നത്.

ദില്ലി : ഇന്ത്യ-കാനഡ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാനാണ് ഇന്ത്യ. ഭീകരവാദികളെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാൻ നയതന്ത്ര അണിയറ നീക്കങ്ങളും സജീവമാണ്. G7 രാജ്യങ്ങൾ വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിക്കാതെ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്. 

തർക്കം മുറുകുന്നതിനിടെ കാനഡയിൽ കഴിയുന്നവരടക്കം ഖലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ എൻഐഎ വേഗത്തിലാക്കി. വിവിധ കേസുകളിൽ പ്രതികളായ കാനഡ ബന്ധമുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക പുറത്തുവിട്ടു. ഭീകരവാദ ബന്ധവും, ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇവരുടെ സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ നൽകാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളിൽ പ്രതികളായ അഞ്ച് ഖലിസ്ഥാൻ ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചു. പത്തു ലക്ഷം രൂപയാണ് ബബർ കൽസ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് നൽകുക.

കാനഡയിലേക്ക് കുടിയേറിയവരും ഇന്ത്യൻ വിദ്യാർത്ഥികളും ആശങ്കയിൽ 

ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാന‍ഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്നാണ് ഉന്നതവൃത്തങ്ങളുടെ വിലയിരുത്തൽ.  ജസ്റ്റിൻ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും ഇതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് കാണുന്നത്.

ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ എത്തിയത് മുതൽ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ ദൃശ്യമായി തുടങ്ങിയിരുന്നു. ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിൻറെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ ആശ്രയിച്ചാണ് ഭരണത്തിൽ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നുവെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിൻ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നു. 

പൊതു തെരഞ്ഞെടുപ്പ് 2025 ൽ നടക്കാനിരിക്കെ ജസ്റ്റിൻ ട്രൂഡോ നിലപാട് തിരുത്തുമെന്ന് ഇന്ത്യ കരുതുന്നില്ല. ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ അമേരിക്കയും ഫ്രാൻസും ഉൾപ്പടെ ജി7 രാജ്യങ്ങളെ കൂടെ നിർത്താനുള്ള നീക്കവും ട്രൂഡോ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭീകരവാദത്തെ അനുകൂലിക്കുന്ന ട്രൂഡോയുടെ നിലപാട് പ്രധാന രാജ്യങ്ങളെ ഇന്ത്യ ബോധ്യപ്പെടുത്തും. 20 ലക്ഷത്തോളം ഇന്ത്യൻ വംശജർ കാനഡയിലുണ്ട്. മലയാളികൾ അടക്കം 75000 പേർ എല്ലാ വർഷവും കാനഡയിലേക്ക് കുടിയേറുന്നുണ്ട്. കാനഡയിൽ പഠനത്തിനായി എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ്. രണ്ടു രാജ്യങ്ങൾക്കുമിടയിലെ ഈ തർക്കം കാനഡയിലേക്ക് പോകുന്നവരെയും ബാധിച്ചേക്കാം. ട്രൂഡോയുടെ നിലപാട് നിരീക്ഷിച്ച ശേഷമാകും കടുത്ത നടപടികളിലേക്ക് ഇന്ത്യ കടക്കുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല യുവതീപ്രവേശനം: വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും; മാർച്ച് 14ന് മുമ്പ് എല്ലാ കക്ഷികളും നിലപാട് എഴുതി നൽകാൻ കോടതി നിർദേശം
ശബരിമലയിലെ യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാം, ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകുക ചീഫ് ജസ്റ്റിസ്