Watch Live || കൊവിഡിലും ചോരില്ല പ്രൗഢിയൊട്ടും, ഇന്ന് 72-ാം റിപ്പബ്ലിക് ദിനം

By Web TeamFirst Published Jan 26, 2021, 6:49 AM IST
Highlights

റിപ്പബ്ലിക് ദിനപരേഡിൽ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പങ്കെടുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ 50-ാം വാര്‍ഷികത്തിലാണ് അവരുടെ സൈന്യത്തിന്‍റെ സാന്നിധ്യം നമ്മുടെ പരേഡിലുണ്ടാകുക. ഇന്ത്യ സ്വന്തമാക്കിയ റഫാൽ വിമാനങ്ങളുടെ ഫ്ളൈ പാസ്റ്റോടെയായിരിക്കും പരേഡ് സമാപിക്കുക.

ദില്ലി: കൊവിഡ് മഹാമാരിക്കിടയിലും പ്രൗഢിയും ഭംഗിയും ഒട്ടും ചോരാതെ രാജ്യം എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്‍റെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് ദില്ലി രാജ്പഥിൽ തടസ്സമില്ലാതെ നടക്കും. എന്നാൽ പരേഡിൽ പങ്കെടുക്കുന്ന സൈനികരുടെ എണ്ണം ചുരുക്കിയിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. 

देशवासियों को गणतंत्र दिवस की ढेरों शुभकामनाएं। जय हिंद!

Wishing all the people of India a Happy . Jai Hind!

— Narendra Modi (@narendramodi)

റിപ്പബ്ലിക് ദിനപരേഡിൽ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പങ്കെടുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ 50-ാം വാര്‍ഷികത്തിലാണ് അവരുടെ സൈന്യത്തിന്‍റെ സാന്നിധ്യം നമ്മുടെ പരേഡിലുണ്ടാകുക. രാജ്യത്തിന്‍റെ സൈനികശക്തിയും സാംസ്കാരികപാരമ്പര്യവും വിളിച്ചോതുന്നതാകും പരേഡ്. ടി-90 ടാങ്കുകൾ, സംവിജയ് ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങൾ, സുഖോയ് 30 ഫൈറ്റർ ജെറ്റുകൾ അടക്കമുള്ളവയുടെ പ്രദർശനം പരേഡിലുണ്ടാകും. ഇന്ത്യ സ്വന്തമാക്കിയ റഫാൽ വിമാനങ്ങളുടെ ഫ്ളൈ പാസ്റ്റോടെയായിരിക്കും പരേഡ് സമാപിക്കുക. 

കയര്‍ വ്യവസായം വിഷയമാക്കി കേരളം അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യവും പരേഡിൽ അണിനിരക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോകോൾ പാലിക്കാനായി പരേഡ് കാണാൻ എത്തുന്നവരുടെ എണ്ണവും ഇത്തവണ വെട്ടിച്ചുരുക്കിയിട്ടുണ്ട്. 

കർഷകമാർച്ചിനോട് അനുബന്ധിച്ചും മറ്റ് സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്തും കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. 

റിപ്പബ്ലിക് ദിനത്തലേന്ന് ഈ വർഷത്തെ പദ്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ നൽകി ആദരിക്കും.

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ്. പി. ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി. ബി. ലാൽ, ബി എം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്. കെ. എസ്. ചിത്ര,  മുൻ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പസ്വാൻ, മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ്, മുൻ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേൽ എന്നിവർക്കാണ് പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ദിനപരേഡും ചടങ്ങുകളും തത്സമയം കാണാം, ഏഷ്യാനെറ്റ് ന്യൂസിൽ:

എല്ലാ പ്രേക്ഷകർക്കും ഏഷ്യാനെറ്റ് ന്യൂസിന്‍റെ റിപ്പബ്ലിക് ദിനാശംസകൾ. 

click me!