
ദില്ലി: അതിര്‍ത്തിയിൽ ചൈന പ്രകോപനം ഉണ്ടാക്കുന്നു എന്ന് ഇന്ത്യൻ സൈന്യം. ആകാശത്തേക്ക് വെടിയുതിര്‍ത്തത് ചൈനയാണെന്നാണ് ഇന്ത്യ വിശദീകരക്കുന്നത്. ഇന്ത്യൻ മേഖലക്ക് അടുത്ത് ചൈനീസ് സൈന്യം എത്തി. ഇന്ത്യ കടന്നു കയറ്റമോ പ്രകോപനവും ഉണ്ടാക്കിയിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ വിശദീകരിക്കുന്നു.
ഇന്ത്യ കടന്ന് കയറ്റം നടത്തിയെന്ന ചൈനയുടെ ആരോപണവും സൈന്യം തള്ളി. ഉണ്ടായത് പരസ്പരമുള്ള വെടിവയ്പ്പല്ല. ഇന്ത്യൻ സൈന്യത്തെ പ്രകോപിപ്പിക്കാൻ ചൈനീസ് സൈന്യം ആണ് വെടിയുതിര്‍ത്തത്. അതിര്‍ത്തിയിലെ സ്ഥിതി ഗൗരവമുള്ളതെന്ന സൂചനയും സൈന്യം നൽകുന്നുണ്ട്. 40 കൊല്ലത്തിനിടെ ആദ്യമായാണ് ഇന്ത്യ ചൈന അതിർത്തിയിൽ വെടിവയ്പ്പ് നടക്കുന്നത്. നിലവിലെസ്ഥിതി പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.
ഇന്ത്യാ ചൈനാ അതിർത്തിയിൽ വെടിവയ്പ്പ് നടന്നെന്ന് സ്ഥിരീകരിച്ച് ആദ്യം ചൈനയാണ് രംഗത്തെത്തിയത്. ഇന്ത്യൻ സേനയാണ് ആദ്യം വെടിവച്ചതെന്ന് ചൈനീസ് സേനാ വക്താവ് ഷാങ് ഷൂയി ആരോപിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് ഇന്ത്യൻ സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം വന്നത്.
ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന് സ്ഥിതി കൂടുതൽ വഷളായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇരു രാജ്യങ്ങളുമായി പ്രതിരോധ മന്ത്രിമാര്‍ മുതൽ പലതലങ്ങളിൽ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
ഇരുരാജ്യങ്ങളും പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം സൈനിക ശക്തി വർധിപ്പിച്ചിട്ടുണ്ട്. വൻ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലഡാക്കിൽ തങ്ങിയ കരസേന മേധാവി ജനറൽ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam