ചിക്കമഗളൂരു ജില്ലയിലെ കളസ, എൻ.ആർ. പുര താലൂക്കുകളിലെ ഭദ്ര നദിയോടു ചേർന്നുള്ള പ്രദേശങ്ങളിലാണ് ഈ ചെറുവിമാനം അസാധാരണ തരത്തിൽ താഴ്ന്ന് പറന്നത്.

ചിക്കമംഗളൂരു: ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്ന് പറന്ന് പിന്നാലെ കാണാതായ വിമാനത്തിനറെ ദുരൂഹതയ്ക്ക് ഒടുവിൽ അവസാനം. കർണാടകയിലെ ചിക്കമംഗളൂരുവിലും മലനാട് മേഖലയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ചെറുവിമാനം അസാധാരണമായി താഴ്ന്നു പറക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ് ജില്ലാ കളക്ടർ എം.എൻ. നാഗരാജ്. പേടിക്കേണ്ടതായി ഒന്നുമില്ലെന്നും ഇത് പൂർണ്ണമായും ശാസ്ത്രീയമായ ഒരു സർവേയുടെ ഭാഗമാണെന്നും എം.എൻ. നാഗരാജ് അറിയിച്ചു. ചിക്കമഗളൂരു ജില്ലയിലെ കളസ, എൻ.ആർ. പുര താലൂക്കുകളിലെ ഭദ്ര നദിയോടു ചേർന്നുള്ള പ്രദേശങ്ങളിലാണ് ഈ ചെറുവിമാനം അസാധാരണ തരത്തിൽ താഴ്ന്ന് പറന്നത്. ഇത്തരമൊരു വിമാനം പറക്കുന്നതിനേക്കുറിച്ച് പൊലീസിനോ വനംവകുപ്പിനോ മുൻകൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതോടെ പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു.

മലനാട് മേഖലയിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഈ എയർബോൺ ജിയോഫിസിക്കൽ സർവേ നടക്കുന്നത്. ഭൂമിക്കടിയിലെ ധാതു നിക്ഷേപങ്ങൾ കണ്ടെത്തുക, ഭൂഗർഭഘടനയെക്കുറിച്ച് പഠിക്കുക, ജലസ്രോതസ്സുകൾ തിരിച്ചറിയുക എന്നിവയാണ് ഈ സർവേയുടെ പ്രധാന ലക്ഷ്യങ്ങൾ. സെസ്ന കാരവാൻ 208 ബി എന്ന ചെറുവിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. വിമാനത്തിന് പിന്നിൽ കാണുന്ന സൂചി പോലുള്ള ഉപകരണം മാഗ്നെറ്റോമീറ്റർ സ്റ്റിംഗർ ആണ്. ഓസ്‌ട്രേലിയൻ കമ്പനിയായ മെസേഴ്സ് എക്സ്കാലിബർ മെക്ഫാർ പ്രൈവറ്റ് ലിമിറ്റഡിനാണ് സർവേയുടെ ചുമതല. വിദേശ പൈലറ്റുമാരാണ് വിമാനം പറത്തുന്നതെന്നും കളക്ടർ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി എൻ.ആർ. പുര, ബാളെഹൊന്നൂർ തുടങ്ങി ജില്ലയുടെ പല ഭാഗങ്ങളിലും ഈ ചെറുവിമാനം താഴ്ന്നു പറക്കുന്നത് നാട്ടുകാരിൽ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ജില്ലാ പൊലീസും വിശദീകരണവുമായി രംഗത്തെത്തിയത്. ധാതു നിക്ഷേപം കണ്ടെത്താനുള്ള സർവേയാണ് നടക്കുന്നതെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ എയറോ ജിയോഫിസിക്കൽ സർവേയുടെ ഭാഗമായി മെസേഴ്സ് എക്സ്കാലിബർ മെക്ഫാർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ധാതു നിക്ഷേപമുള്ള പ്രദേശങ്ങൾ കണ്ടെത്താനുള്ള ഈ പ്രവർത്തനം നടത്തുന്നത്. ഈ സർവേ ജൂലൈ 31 വരെ തുടരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം