
തിരുവനന്തപുരം: അതിർത്തിയിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമാകാനിടയായ സംഭവം അങ്ങേയറ്റം പരിതാപകരമാണെന്ന് നയതന്ത്ര വിദഗ്ദ്ധൻ കെപി ഫാബിയാൻ. ചൈനയുടെ മനസിലെന്താണെന്ന് തിരിച്ചറിഞ്ഞ് വേണം ഇന്ത്യ മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യയും ചൈനയും തമ്മിൽ 1962 ലെ പോലെ യുദ്ധമുണ്ടാവുമെന്ന് കരുതുന്നില്ല. 1993 ൽ പ്രധാനമന്ത്രി നരസിംഹ റാവുവിനെ കൊണ്ട് ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ അവർ അംഗീകരിപ്പിച്ചതാണ്. 1950 ൽ നെഹ്റു നിരാകരിച്ചതാണത്. എൽഎസി ഒരു കെണിയായിരുന്നു. ഇതിൽ സാറ്റലൈറ്റ് ഇമേജും ഡോക്യുമെന്റും ഒന്നും അടിസ്ഥാനമാക്കിയിരുന്നില്ല.
"ചൈനയെ സംബന്ധിച്ച് അവർക്ക് ഇഷ്ടം പോലെ അടിസ്ഥാന സൗകര്യം ഉണ്ടാക്കാം നമ്മൾ ഉണ്ടാക്കരുതെന്നാണ് മനോഭാവം. അവർ ഇടക്കിടക്ക് അസ്വസ്ഥത സൃഷ്ടിക്കും. പേടിപ്പിക്കാൻ ചെയ്യുന്നതാണത്. നമ്മൾ പേടിക്കരുത്. അതിർത്തിയിൽ ശക്തമായി നിലയുറപ്പിക്കണം. എന്നിട്ട് നയതന്ത്ര തലത്തിൽ പരിഹാരത്തിന് ശ്രമിക്കണം. ഇത്തരമൊരു ഘട്ടത്തിൽ കേന്ദ്ര സർക്കാരിന് എല്ലാം പുറത്ത് പറയാൻ പറ്റില്ല. എന്നാലും കൂടുതൽ കാര്യങ്ങൾ പറയാമായിരുന്നു, അതവർ ചെയ്തില്ല."
"ഇപ്പോഴത്തെ സംഘർഷം കൂടുതൽ ശക്തമാകുമെന്ന് കരുതുന്നില്ല. എന്നാൽ ചൈനയുടെ സ്ട്രാറ്റജി മനസിലാക്കണം. നാലോ അഞ്ചോ സ്ഥലത്തേക്ക് ആദ്യം ചൈന അതിക്രമിച്ച് കടക്കും. നമ്മളെ സമ്മർദ്ദത്തിലാക്കാനാണത്. പരിഹാരത്തിന് ചർച്ച നടത്തുമ്പോൾ മൂന്ന് സ്ഥലത്ത് നിന്ന് പിന്മാറാമെന്ന് അവർ നമ്മളോട് പറയും. എന്നിട്ട് ലോകരാഷ്ട്രങ്ങളോട് ചൈന അഞ്ച് സ്ഥലത്ത് നിന്ന് മാറിയെന്ന് നമ്മളെ കൊണ്ട് പറയിപ്പിക്കാൻ ശ്രമിക്കും. അന്താരാഷ്ട്ര അഭിപ്രായത്തെ കബളിപ്പിക്കാനുള്ള വാക്കുകളും അതിൽ അവർ കണ്ടെത്തും," എന്നും കെപി ഫാബിയാൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam