ഇന്ത്യ ചൈന അതിർത്തി വിഷയം എപ്പോൾ പരിഹരിക്കാനാകുമെന്ന് പറയാനാവില്ല; വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കർ

By Web TeamFirst Published Dec 3, 2020, 8:27 AM IST
Highlights

ഇന്ത്യ ചൈന അതിര്‍ത്തി വിഷയം പരിഹരിക്കാന്‍ ഇതിനോടകം നടന്ന നയതന്ത്ര സൈനിക ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. ഒടുവിൽ ചേർന്ന എട്ടാമത് കമാന്‍ഡര്‍ തല ചര്‍ച്ചയും തീരുമാനാകാതെയാണ് പിരിഞ്ഞത്.

ദില്ലി: ഇന്ത്യ ചൈന അതിർത്തി തര്‍ക്കം ഉടൻ പരിഹരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. സങ്കീര്‍ണമായ കാര്യങ്ങള്‍  പരിഹരിക്കാൻ സമയമെടുക്കും . നയതന്ത്രപരമായാണ് വിഷയം കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നെതെന്നും ജയശങ്കർ പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വിദേശകാര്യമന്ത്രിയുടെ പരാമർശം.

1986 ല്‍ അരുണാചല്‍ പ്രദേശിലെ സുംദൊരോങ് ചുവിലുണ്ടായ ചൈനീസ് കടന്നുകയറ്റത്തിന് സമാനമാണ് ഇപ്പോഴത്തേതെന്നാണ് വിദേശകാര്യമന്ത്രി സൂചന നല്‍കുന്നത്. എട്ട് വര്‍ഷമെടുത്താണ് അന്ന് സുംദൊരോങ് ചുവിലുണ്ടായ ഇന്ത്യ ചൈന പ്രശ്നം പരിഹരിക്കാൻ സാധിച്ചത്. അതിര്‍ത്തിയില്‍ ഈ വര്‍ഷം ഉണ്ടായ തർക്കത്തിനും സംഘര്‍ഷത്തിനും സമവായം ഉണ്ടാക്കുക എന്നതില്‍ ഉപരി വിശാല കാഴ്ചപ്പാടോടെ  പ്രശ്നം പരിഹരിക്കുക എന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത് . ഇന്ത്യ ഉയര്‍ത്തിയ അടിസ്ഥാന പരമായ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാതെ വിട്ടുവീഴ്ച ചെയ്യില്ലെന്നതാണ് നിലപാടെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.  

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങള്‍ നയതന്ത്രപരമായാണ് പരിഹരിക്കാൻ ശ്രമിക്കുന്നത്. ആഗോള തലത്തില്‍ ചൈനക്ക് തിരിച്ചടിയേറ്റിരിക്കുന്ന സമയമാണിതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടപെടലുകളില്‍ ജോ ബോഡൻ സർക്കാർ അധികാരമേല്‍ക്കുന്ന സാഹചര്യത്തില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നും എന്നാല്‍ ഇതിൽ ആശങ്കപ്പെടേണ്ടതായില്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. 

കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ ആറ് മാസത്തിലധികമായി ഇന്ത്യയും ചൈനയും ഏറ്റുമുട്ടലിന്‍റെ വക്കിലാണ്. ഇന്ത്യ ചൈന അതിര്‍ത്തി വിഷയം പരിഹരിക്കാന്‍ ഇതിനോടകം നടന്ന നയതന്ത്ര സൈനിക ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. ഒടുവിൽ ചേർന്ന എട്ടാമത് കമാന്‍ഡര്‍ തല ചര്‍ച്ചയും തീരുമാനാകാതെയാണ് പിരിഞ്ഞത്.

click me!