ബിജെപി എംഎല്‍എയുടെ മര്‍ദ്ദനത്തില്‍ കൗണ്‍സിലറുടെ ഗര്‍ഭം അലസിയതായി ആരോപണം

By Web TeamFirst Published Dec 3, 2020, 11:56 AM IST
Highlights

നവംബര്‍ ഒമ്പതിന് ബാഗല്‍കോട്ടില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനിടെ എംഎല്‍എ തന്നെ മര്‍ദ്ദിച്ച് വീഴ്ത്തിയെന്നാണ് കൗണ്‍സിലറുടെ ആരോപണം.
 

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് വനിതാ കൗണ്‍സിലറുടെ ഗര്‍ഭം അലസിയതായി ആരോപണം. ബിജെപി മുന്‍ കൗണ്‍സിലര്‍ ചാന്ദ്‌നി നായിക്കിന്റെ ഭര്‍ത്താവാണ് ബിജെപി എംഎല്‍എ സിദ്ദു സാവദിക്കെതിരെ രംഗത്തെത്തിയത്. നവംബര്‍ ഒമ്പതിന് ബാഗല്‍കോട്ടില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനിടെ എംഎല്‍എ തന്നെ മര്‍ദ്ദിച്ച് വീഴ്ത്തിയെന്നാണ് കൗണ്‍സിലറുടെ ആരോപണം. മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മഹാലിംഗ പുരയിലെ ടൗണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലേക്ക് പോകുന്ന സമയത്താണ് തന്നെ ആക്രമിച്ചതെന്നും ചാന്ദ്‌നി പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ദ ന്യൂസ് മിനിട്ടാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

എംഎല്‍എയുടെയും അനുയായികളുടെയും ആക്രമണത്തെ തുടര്‍ന്ന് ചാന്ദ്‌നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത വേദനയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗര്‍ഭം അലസിപ്പിക്കുന്നതാണ് ചാന്ദ്‌നിയുടെ ആരോഗ്യത്തിന് നല്ലതെന്ന് ഡോക്ടര്‍ പറഞ്ഞു. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു ചാന്ദ്‌നി- അവരുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.  സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ബാഗല്‍കോട്ട് എസ്പി ലോകേഷ് ജഗലസര്‍ പറഞ്ഞു. ചാന്ദ്‌നിക്ക് പുറമെ, മറ്റൊരു വനിതാ കൗണ്‍സിലറും എംഎല്‍എക്കെതിരെ പരാതിയുമായി രംഗത്തെത്തി. 

തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച് എംഎല്‍എ രംഗത്തെത്തി. രണ്ടാമത്തെ കുട്ടിയെ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസവിച്ച ചാന്ദ്‌നി ട്യൂബക്ടമിക്ക് വിധേയയായതാണെന്നും അന്വേഷണം സത്യം പുറത്തുകൊണ്ടുവരുമെന്നും എംഎല്‍എ പറഞ്ഞു. അതേസമയം, സംഘര്‍ഷം ഉണ്ടായതായി എംഎല്‍എ സമ്മതിച്ചു. അത് നടക്കാന്‍ പാടില്ലായിരുന്നുവെന്നും നിര്‍ഭാഗ്യകരമാണെന്നും എംഎല്‍എ പറഞ്ഞു.
 

click me!