ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ​ഗുരുതരം: സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

By Web TeamFirst Published Jun 16, 2020, 1:49 PM IST
Highlights

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് സംയുക്ത സേനാത്തലവൻ ബിപിൻ റാവത്തുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ലഡാക്കിലെ ​ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. 

ദില്ലി: ലഡാക്കിൽ ഇന്ത്യാ - ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. കേണൽ റാങ്കിലുള്ള ഒരു ഇന്ത്യൻ സേനാ ഉദ്യോ​ഗസ്ഥനും രണ്ട് സൈനികരുമാണ് സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ചത്.

ലഡാക്കിൽ ഇന്ത്യാ- ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായെന്നും മൂന്ന് സൈനികരുടെ ജീവൻ പൊലിഞ്ഞെന്നുമുള്ള റിപ്പോർട്ടുകൾ‌‍‍ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, സംയുക്ത സേനാത്തലവൻ ബിപിൻ റാവത്തുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇന്നലെ രാത്രി ലഡാക്കിലെ ​ഗൽവാൻ താഴ്വരയിലാണ്  സംഘര്‍ഷമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. 

കേണൽ റാങ്കിലുള്ള ഒരു ഇന്ത്യൻ സേന ഉദ്യോ​ഗസ്ഥനും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 16 ബിഹാര്‍ ബറ്റാലിയന്‍റെ കമാന്റിംഗ് ഓഫീസറാണ്. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ നിലയുറപ്പിച്ച ഇൻഫന്‍ട്രി ബറ്റാലിയൻ കമാന്‍റിംഗ് ഓഫീസറാണ് സന്തോഷ് ബാബു. പ്രശ്നപരിഹാരത്തിന് രണ്ട് സേനകളുടെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ചൈനീസ് സൈനികരും സംഘർഷത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. വെടിവയ്പ് ഉണ്ടായിട്ടില്ലെന്നും ഔദ്യോ​ഗിക വിശദീകരണം പുറത്തുവന്നിട്ടുണ്ട്. ഇന്ത്യ ചൈന അതിർത്തിയിലെ സ്ഥിതി അതീവഗുരുതരമായ അവസ്ഥയിലേക്ക് 1975-ന് ശേഷം എത്തുകയാണ്.

1975-ന് ശേഷം ആദ്യമായാണ് ചൈന-ഇന്ത്യാ സൈനികർ തമ്മിൽ സംഘ‌ർഷമുണ്ടായി മരണം സംഭവിക്കുന്നത്. സംഭവത്തോട് ചൈന ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.  ഇന്ത്യ ഏകപക്ഷീയമായ രീതിയിൽ വിവരങ്ങൾ പുറത്തുവിടുന്നു എന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നത്. 5 ചൈനീസ് സൈനികർ മരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അനാവശ്യ പ്രസ്താവനകൾ നടത്തി പ്രശ്നം വഷളാക്കരുതെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. 

എന്നാൽ, എന്താണ് അതിർത്തിയിൽ സംഭവിച്ചതെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ചൈന പ്രകോപനപരമായി പെരുമാറിയതാണോ സംഘർഷത്തിൽ കലാശിച്ചതെന്ന സംശയമാണ് ചർച്ചകളിൽ ഉയരുന്നത്. ഇന്ത്യൻ സൈനികർ രണ്ടുതവണ നിയന്ത്രണരേഖ കടന്നെന്നും പ്രകോപനപരമായി പെരുമാറിയെന്നുമാണ് ചൈനീസ് മാധ്യമമായ ​ഗ്ലോബൽ ടൈംസ് വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഇന്ത്യൻ സൈന്യത്തിന്‍റെ വിശദീകരണം ഉടൻ വരും. നിലവിൽ നടക്കുന്ന ഉന്നതതലചർച്ചകൾ അവസാനിച്ചാലുടൻ കരസേനയുടെ വാർത്താസമ്മേളനം പ്രതീക്ഷിക്കുന്നുണ്ട്. 

എല്ലാ തത്സമയവിവരങ്ങളും അറിയാൻ:

click me!