'അടിച്ചാൽ തിരിച്ചടി, ഒരു വിട്ടുവീഴ്ചയും വേണ്ട', ചൈനയോട് കടുത്ത നിലപാടുമായി ഇന്ത്യ

Published : Jun 18, 2020, 08:46 AM ISTUpdated : Jun 24, 2020, 12:41 PM IST
'അടിച്ചാൽ തിരിച്ചടി, ഒരു വിട്ടുവീഴ്ചയും വേണ്ട', ചൈനയോട് കടുത്ത നിലപാടുമായി ഇന്ത്യ

Synopsis

അടുത്ത കാലത്തൊന്നും ചൈനയ്ക്ക് എതിരെ ഇത്ര കടുത്ത നിലപാട് ഇന്ത്യ സ്വീകരിച്ചിട്ടില്ല. ആസൂത്രിതമായ ഇത്തരം ആക്രമണം നടത്തുന്നതിന് മുമ്പ്, കൃത്യമായി സ്വന്തം നിലപാടുകൾ പുനഃപരിശോധിച്ച് തിരുത്താൻ ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകുന്നു.

ദില്ലി: ചൈനയുടെ കടന്നുകയറ്റത്തിലും പ്രകോപനത്തിലും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലുറച്ച് ഇന്ത്യ. ചൈനീസ് പ്രകോപനം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ കേന്ദ്രസർക്കാർ സൈന്യത്തിന് നിർദേശം നൽകി. അതിർത്തി കടന്നുള്ള ചൈനീസ് നീക്കത്തോട് ഒരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് കരസേനയ്ക്ക് നൽകിയിട്ടുള്ള നിർദേശം. തിങ്കളാഴ്ച വൈകിട്ട് നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള പട്രോൾ പോയന്‍റിന് സമീപത്തുള്ള നോ മാൻസ് ലാൻഡിൽ ചൈന ടെന്‍റ് കെട്ടിയത് ചോദ്യം ചെയ്തതിന്‍റെ പേരിലാണ് ചൈനീസ് സൈന്യം പ്രകോപനം നടത്തിയതും ആക്രമിച്ചതും. 

അതേസമയം, ഇന്ത്യയും ചൈനയും തമ്മിൽ മേജർ തലത്തിലുള്ള ചർച്ചകൾ ഇന്നും തുടരാൻ തന്നെയാണ് തീരുമാനം. ഇന്നലെ നടന്ന മേജർ തലചർച്ചകൾ ധാരണയില്ലാതെ പിരിഞ്ഞിരുന്നു. സേനയെ പിൻവലിക്കുന്നത് സംബന്ധിച്ചുള്ള ധാരണകളിലാണ് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നതെന്നാണ് സൂചന. മേഖലയിൽ നിന്ന് സേനാപിൻമാറ്റം നടക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നിലവിൽ ഉള്ള ഇടങ്ങളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങൾ പിൻമാറിയിട്ടില്ല. അതിർത്തിജില്ലകളിൽ അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

നിലവിൽ അതിർത്തിയിലെ എല്ലാ ബേസ് ക്യാമ്പുകളിലും അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 3500 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഇന്ത്യ - ചൈന അതിർ‍ത്തിയിലെ എല്ലാ കരസേനാ, വ്യോമസേനാ താവളങ്ങളും ജാഗ്രതയിലാണ്. ചൈനീസ് നാവികസേന പട്രോളിംഗ് നടത്തുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ മേഖലയിലും ഇന്ത്യൻ നാവികസേന ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സേനാമേധാവിമാരുമായി നടത്തിയ ചർച്ചയിലാണ് ജാഗ്രത കൂട്ടാൻ തീരുമാനമായത്. 

ഒപ്പം അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലെല്ലാമുള്ള ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് സമീപത്ത്, അധികട്രൂപ്പുകളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. 

തിങ്കളാഴ്ചയുണ്ടായ അക്രമത്തിൽ പരിക്കേറ്റ 18 പേരാണ് ലേയിലെ സൈനികാശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ നാല് പേരുടെ നില അതീവഗുരുതരമെങ്കിലും ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്നും കരസേന വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം 58 പേരടങ്ങിയ മറ്റൊരു സംഘത്തിനും ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇവരും ചികിത്സ തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ഇവരും തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കും.

എന്നാൽ നിലവിൽ സ്ഥിതി മെച്ചപ്പെട്ടെങ്കിലും അക്രമത്തിന് ഇടയാക്കിയത് ചൈനീസ് പ്രകോപനമാണെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. ഇത് തന്നെയാണ് വിദേശകാര്യമന്ത്രി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി നടത്തിയ ചർച്ചയിൽ ചൂണ്ടിക്കാട്ടിയതും. ഗാൽവൻ താഴ്‍വരയിൽ നിയന്ത്രണരേഖയുടെ അടുത്തുള്ള പട്രോളിംഗ് പോയന്‍റ് 14-ന് സമീപത്ത്, നോമാൻസ് ലാൻഡിൽ, ചൈന ടെന്‍റ് സ്ഥാപിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം ഏകപക്ഷീയമായി ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു എന്നും, ഇതാണ് ഇത്രയധികം മരണങ്ങളിലേക്ക് നയിച്ചതെന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വമ്പൻ ശമ്പള വർധനവ്, 20 മുതൽ 35 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷ; എപ്പോൾ അക്കൗണ്ടിലെത്തും, എല്ലാ വിവരങ്ങളം അറിയാം
ഇൻഷുറൻസ് കമ്പനിക്ക് തോന്നിയ സംശയം, മക്കളുടെ പരുങ്ങൽ; സ്കൂൾ ജീവനക്കാരന് പാമ്പ് കടിയേറ്റതിന് പിന്നിലെ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്ത്